തിരുവനന്തപുരം : മുൻ നിശ്ചയിച്ച സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധിയെത്താതിരുന്ന സംഭവത്തിൽ രൂക്ഷഭാഷയിൽ പ്രതികരിച്ച് ബിജെപി. ഭാരത് ജോഡോ യാത്രയുമായി തലസ്ഥാനത്തെത്തിയ രാഹുൽ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയാണെന്നും ക്ഷമാപണം നടത്തണമെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

''എല്ലാവരും കാത്ത് നിൽക്കവേ, ഉദ്ഘാടനം നടത്തേണ്ടിയിരുന്ന സ്മൃതി മണ്ഡപത്തിന് മുന്നിലൂടെ രാഹുൽ തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് കടന്നു പോയത്. സ്വാതന്ത്ര്യസമര സേനാനികളോട് അങ്ങേയറ്റത്തെ അനാദരവാണുണ്ടായത്. രാഹുൽ മാപ്പ് പറയണമെന്നും സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം സന്ദർശിച്ച് പ്രായശ്ചിത്തം ചെയ്യണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു''.

''യാത്രയുടെ ഉദ്ദേശത്തിന് നേരെ വിപരീതമാണ് നടക്കുന്നത്. ദേശീയതയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന നേതാവിന്റെ നിലപാടിതാണോയെന്ന് വ്യക്തമാക്കണം. കെപിസിസി അധ്യക്ഷനും തരൂർ എംപിയും പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു''. മലയാളികളെ ആകെ അപമാനിച്ച രാഹുൽ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധിയെത്താതിരുന്നതാണ് വിവാദത്തിന് തിരികൊളുത്തിയത്. ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെഇ മാമന്റെയും ബന്ധുക്കളും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും ശശി തരൂരും അടക്കമുള്ള നേതാക്കളും അടക്കം വൻ ജനക്കൂട്ടം എത്തിയിട്ടും മുന്നിലൂടെ ജാഥയിൽ നടന്നു പോയ രാഹുൽ ഗാന്ധി സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ എത്തിയില്ല.

ഈയിടെ അന്തരിച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെയും കെഇ മാമന്റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിൻകര നിംസിൽ നിർമ്മിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജാഥയുടെ വിവരങ്ങൾ അടങ്ങിയ വാർത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.

വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, ശശി തരൂർ എംപി, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ, ഡിസിസി അദ്ധ്യക്ഷൻ പാലോട് രവി, വി എസ് ശിവകുമാർ തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തി. ഗോപിനാഥൻ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെഇ മാമന്റെ കുടുംബാംഗങ്ങളും എത്തി. ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി. പക്ഷേ രാഹുൽ ഗാന്ധി എത്തിയില്ല. സംഭവം കോൺഗ്രസ് നേതാക്കൾക്ക് വലിയ നാണക്കേടായി.

പറയാമെന്നല്ലാതെ എന്ത് ചെയ്യാൻ കഴിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞത്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്ന് ശശി തരൂരും തുറന്നടിച്ചു. മറ്റൊരു അവസരത്തിൽ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നൽകിയ കെ സുധാകരൻ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന നടപടിയായിപ്പോയെന്നാണ് ചില കുടുംബാംഗങ്ങളും പറയുന്നത്.