കണ്ണൂർ: കണ്ണൂരിനെ ഞെട്ടിച്ചു വീണ്ടും വൻകവർച്ച. ആന്തൂർ നഗരസഭയിലെ അഞ്ചാം പീടികയിൽ വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയി തിരിച്ചെത്തുന്നതിനിടയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയത്. ധർമ്മശാല-അഞ്ചാംപീടിക റൂട്ടിൽ അഞ്ചാംപീടിക ചിത്ര സ്റ്റോപ്പിന് മുന്നിലെ കുന്നിൽ ശശിധരന്റെ വീട് കുത്തിത്തുറന്നാണ് പത്തര പവന്റെ ആഭരണങ്ങൾ കവർച്ച ചെയ്തത്.

ശശിധരനും ഭാര്യ പ്രീതയും മകൻ അമലുമാണ് വീട്ടിൽ താമസം. വിവാഹിതയായ മകൾ അമൃത കുഞ്ഞിമംഗലത്തെ ഭർതൃവീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെത്തിയിരുന്നു. തുടർന്ന് എല്ലാവരും ചേർന്ന് വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെ കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിന് പോയി. ഞായറാഴ്‌ച്ച രാത്രി 10.30ഓടെയാണ് തിരിച്ചെത്തിയത്.

വിളക്കുവെക്കുന്ന സ്ഥലത്ത് വാതിൽ തുറന്നപ്പോൾ തന്നെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിൽ കണ്ടെത്തി. അതോടെ വീട്ടുകാർക്ക് സംശയം തോന്നുകയും ശശിധരന്റെ സഹോദരനായ ആന്തൂർ നഗരസഭ കൗൺസിലർ മോഹനനെ വിവരം അറിയിക്കുകയും ചെയ്തു. മോഹനനെത്തി പൊലീസിൽ വിവരം അറിയിച്ചു. തളിപ്പറമ്പ അഡീ. എസ്‌ഐ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ രാത്രി 11.30 ഓടെ എത്തിയ പൊലീസിന്റെ പരിശോധനയിൽ വീട്ടിലെ എല്ലാ മുറികളും കുത്തിത്തുറന്നതായും അലമാരകൾ കുത്തിത്തുറന്ന് മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ടതായും കണ്ടെത്തി.

മൂന്ന് സ്റ്റീൽ അലമാരകളിൽ നടുക്കുള്ള അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. വിളക്ക് കത്തിക്കുന്നതിന് അടുത്ത് തന്നെ ചെറിയൊരു ഭണ്ഡാരം സൂക്ഷിച്ചിരുന്നു. അത് കുത്തിത്തുറന്ന് അതിലുള്ള പണവും കവർന്നു. ഇരുനില വീടിന്റെ ടെറസ് വഴിയാണ് കവർച്ചക്കാർ വീടിന് അകത്ത് കയറിയത്. ടെറസിൽ നിന്ന് താഴേക്ക് ഇറങ്ങാനുള്ള വാതിലിന്റെ ടവർ ബോൾട്ട് തകർത്ത നിലയിൽ കാണപ്പെട്ടു. വീടിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു.

മൂന്ന് ദിവസത്തെ പത്രം വീടിന്റെ മുന്നിലുണ്ടായിരുന്നു. കാർപോർച്ചിൽ ലൈറ്റുമിട്ട് വച്ചിരുന്നു. ഇത് വീട്ടിൽ ആരുമില്ലെന്ന് കവർച്ചക്കാർക്ക് ഉറപ്പിക്കാൻ വഴിയൊരുക്കിയെന്നാണ് പൊലീസ് കരുതുന്നത്. ശശിധരന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡിവൈ.എസ്‌പി: പി.പ്രമോദ്, സിഐ ബെന്നിലാൽ എന്നിവരും വിരലടയാള വിദഗ്ധരും പരിശോധനക്ക് എത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും അന്വേഷണം നടത്തി.തളിപറമ്പ് മേഖലയിൽ തുടർച്ചയായി നടക്കുന്ന മോഷണങ്ങൾ കാരണം ജനങ്ങൾ പരിഭ്രാന്തിയിലാണ്.സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടു പോലും പൊലിസിന് പ്രതികളെ പിടികൂടാൻ കഴിയുന്നില്ലെന്ന പരാതിയും ശക്തമാണ്.