മലപ്പുറം: തിരൂർ സീനത്ത് ലെതർ പ്ലാനറ്റിന്റെ തിരൂർ ഷോറൂമിൽ വൻ കവർച്ച. പത്ത് ലക്ഷത്തിലധികം രൂപയുടെ നഷ്ടം. സി.സി.ടി.വി ഡി.വി.ആർ ഉൾപ്പടെ കവർന്നു. തിരൂർ പൂങ്ങോട്ടുകുളരെത്ത സീനത്ത് ലെതർ പ്ലാനറ്റിന്റെ ഷോറൂമിലാണ് വൻ കവർച്ച നടന്നത്. ഇന്നു രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവർച്ച അറിയുന്നത്.

ഇന്നലെ രാത്രി പതിനൊന്നര വരെ സ്ഥാപനത്തിൽ ജീവനക്കാരുണ്ടായിരുന്നു. താഴെ നിലയിലെ ഓഫിസ് മുറിയുടെ ഗ്ലാസ് തകർത്ത് അകത്ത് കടന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണവും സെയിൽസ് കൗണ്ടറിന്റെ മേശയിൽ സൂക്ഷിച്ചിരുന്ന പണവുമാണ് കവർന്നിട്ടുള്ളത്. ഓഫിസിൽ മുറിയിലുണ്ടായിരുന്ന സി.സി.ടി.വി ഡി.വി.ആറും കവർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വയറിങ് ഉൾപ്പടെ നശിപ്പിച്ചിട്ടുമുണ്ട്.

തിരൂരങ്ങാടി സ്വദേശി അബ്ദുൽ ജലീലിന്റേതാണ് സ്ഥാപനം. നഷ്ടം കൃത്യമായി കണക്കാക്കാനായിട്ടില്ല. കെട്ടിടത്തിന്റെ മുകൾ നിലയിലൂടെയാണ് മോഷണ സംഘം അകത്ത് കടന്നിട്ടുള്ളത്. രാവിലെ ഓഫിസ് മുറിയുടെ ഗ്ലാസ് തകർക്കപ്പെട്ട നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച അറിഞ്ഞതെന്ന് ജീവനക്കാർ പറയുന്നു. തിരൂർ പൊലീസ് അന്വേഷണം തുടങ്ങി. രാത്രി പതിനൊന്നരക്കും പുലർച്ചെക്കും ഇടയിലാണ് കവർച്ച നടന്നിട്ടുള്ളതെന്ന് സംശയിക്കുന്നു. ആസൂത്രിത കവർച്ചയാണ് നടന്നിട്ടുള്ളതെന്നാണ് പൊലീസിന്റെ പ്രാഥമിക നിമഗനം. ഫോറൻസിക് പരിശോധനയോടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.