കോഴിക്കോട്: ദേശീയപാതയിൽ വെങ്ങളത്തിനുസമീപം വൺവേ തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർവാഹനവകുപ്പ്. മൂന്നുമാസത്തേക്കാണ് ബസിന്റെ ഡ്രൈവർ ജി.എസ്. ശരത്ത് ലാലിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തത്. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ഒമേഗ' ബസാണ് അപകടകരമായ യാത്രനടത്തിയതായി കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് വിഭാഗം കണ്ടെത്തിയത്.

ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാൽ ഇരുദിശയിലേക്കും രണ്ട് വ്യത്യസ്ത റോഡുകളിലൂടെ വൺവേ ആയിട്ടാണ് വാഹനങ്ങൾ കടന്നുപോകുന്നത്. കണ്ണൂർ ഭാഗത്തേക്ക് ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നു. കുരുക്ക് മറിക്കടക്കാൻ ബസ് ഡ്രൈവർ വെങ്ങളത്തിനുസമീപത്തുവെച്ച് വൺവേ തെറ്റിച്ച് ഏറെ ദൂരം ഓടിച്ചത്. ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു.

മറ്റ് വാഹനയാത്രക്കാർ ഇടപെട്ടതോടെ മെയിൻ റോഡിൽനിന്ന് മാറി സർവീസ് റോഡിലൂടെ തെറ്റായ ദിശയിലൂടെതന്നെ യാത്ര തുടരുകയായിരുന്നെന്നും ഗുരുതരമായ നിയമലംഘനമാണ് ഡ്രൈവർ നടത്തിയതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവറുടെ ലൈൻസ് സസ്പെൻഡ് ചെയ്തതെന്നും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ബി. ഷെഫീഖ് പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഡ്രൈവർക്ക് ചേവായൂർ എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് കൊടുത്തിരുന്നു. വെള്ളിയാഴ്ച ഓഫീസിൽ ഹാജരായ ഡ്രൈവറുടെ മറുപടികേട്ട ശേഷമാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ചേവായൂരിൽ നടക്കുന്ന റോഡ് സേഫ്റ്റി ക്ലാസിൽ പങ്കെടുക്കണമെന്നും ഡ്രൈവറെ അറിയിച്ചിട്ടുണ്ട്.