മൂവാറ്റുപുഴ: എംവിഐപി കനാൽ ഇടിഞ്ഞു വീണ് അപകടം. കാർ യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ വൈകുനേരം 6:30ഓടെ മൂവാറ്റുപുഴ -കൂത്താട്ടുകുളം ലിങ്ക് റോഡിൽ പണ്ടപ്പിള്ളിക്ക് അൻപത് മീറ്റർ മുന്നേയാണ് കനാൽ തകർന്നത്. കനാൽ ഇടിഞ്ഞു റോഡിലേക്ക് പതിക്കുകയായിരുന്നു. വെള്ളവും, ചെളിയും റോഡിലേക്ക് വീണതോടെ ആരക്കുഴ -പണ്ടപ്പിള്ളി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

റോഡിൽ നിന്നും ഏകദേശം മുപ്പത്തടിയോളം ഉയരത്തിലുള്ള കനാൽ ഭാഗമാണ് ഇടിഞ്ഞ് വീണത്. റോഡിലൂടെ കാർ പോയതിനു തൊട്ട് പിന്നാലെ കനാൽ ഇടിഞ്ഞ് എതിർ ദിശയിലെ വീടിന്റെ ഗേറ്റും തകർത്തു വീട്ടുമുറ്റത്ത് എത്തുന്നത് ഈ വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കഴിഞ്ഞ ദിവസമാണ് കനാലിൽ വെള്ളമെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് മൂവാറ്റുപുഴയിൽ നിന്നും എബ്രഹാം പോളിന്റെ നേതൃത്വത്തിലുള്ള അഗ്‌നിശമനസേന ഉദ്യോഗസ്ഥർ സ്ഥലത്തേതി നാട്ടുകാരുടെ സഹകരണത്തോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ചെളിയും,മണ്ണും മറ്റും നീക്കം ചെയ്ത് രാത്രി പത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകട സമയം റോഡിൽ വലിയ തിരക്കില്ലാതിരുന്നതു മൂലം ദുരന്തം ഒഴിവാകുകയായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.