മലപ്പുറം: മലപ്പുറത്ത് കാറിന് തീപിടിച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെയാണ് ഓടുന്ന കാറിന് തീ പിടിച്ചത്. സംഭവ സമയം ആറംഗ കുടുംബം കാറില്‍ ഉണ്ടായിരുന്നു. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ മോങ്ങം ഹില്‍ടോപ്പില്‍ വച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്.

കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാല്‍ കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവം. തീപിടിച്ച കാര്‍ നിമിഷങ്ങള്‍ക്കകം പൂര്‍ണമായും കത്തി നശിച്ചു.

നാട്ടുകാര്‍ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങള്‍ തടഞ്ഞതിനാല്‍ വലിയ ദുരന്തം വഴിമാറുകയായിരുന്നു. വള്ളുവമ്പ്രം സ്വദേശികളായ മങ്കരത്തൊടി ആലിക്കുട്ടി, ഭാര്യ സക്കീന, മകന്‍ അലി അനീസ്, ഭാര്യ ബാസിമ, മക്കളായ ഐസം, ഹെസിന്‍, ബന്ധു ഷബീറലി എന്നിവര്‍ സഞ്ചരിച്ച കാറാണ് അഗ്നിക്കിരയായത്. വീട്ടില്‍നിന്ന് എടവണ്ണപ്പാറയിലെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ ഹില്‍ടോപ്പിലെത്തിയപ്പോള്‍ കാറിന്റെ മുന്‍വശത്തുനിന്ന് പുക ഉയരുകയായിരുന്നു.

ഇതോടെ കുടുംബം വാഹനത്തില്‍നിന്ന് പുറത്തിറങ്ങി. അടുത്തുള്ള വര്‍ക് ഷോപ്പില്‍ വിവരം അറിയിക്കുന്നതിനിടെയാണ് തീ വാഹനത്തില്‍ പടര്‍ന്നതെന്നാണ് അലി അനീസ് പറയുന്നത്. നാട്ടുകാരും മലപ്പുറത്ത് നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.