- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാരുംമൂട്ടിൽ 500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ; ഉപ്പുതോട് സ്വദേശി ഇടുക്കിയിൽ ലക്ഷ്യമിട്ടത് രണ്ടുലക്ഷത്തിന്റെ കള്ളനോട്ട് വിതരണം
കടപ്പന: ചാരുംമൂട്ടിൽനിന്ന് 500 രൂപയുടെ കള്ളനോട്ടുകൾ പിടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇടുക്കി ഉപ്പുതോട് സ്വദേശി പുലിക്കയത്ത് ദീപു ബാബുവാണ് അറസ്റ്റിലായിട്ടുള്ളത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. മുഖ്യപ്രതി ഷംനാദ് മുഖേനയാണ് ഇയാൾ ഇടുക്കി ജില്ലയിൽ കള്ളനോട്ടുകൾ വിതരണം ചെയ്തിരുതെന്നാണ് പൊലീസ് നിഗമനം.
രണ്ട് ലക്ഷത്തോളം രൂപ കഴിഞ്ഞ മാസം കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്നും ഷംനാദ് ദീപുവിന് കൈമാറിയിരുന്നു. ഇടുക്കി ജില്ലയിൽ കള്ളനോട്ടുകൾ വിതരണം ചെയ്യുന്നതിനായി ഷംനാദ് തെരഞ്ഞെടുത്തിരുന്നത് ദീപുവിനെ ആയിരുന്നു. പച്ചക്കറി കടയിൽ വച്ച് കണ്ടുള്ള പരിചയം മാത്രമാണ് ഇരുവർക്കും ഉണ്ടായിരുന്നത്.
ഇടുക്കി ജില്ലയിലെ കട്ടപ്പന, ചെറുതോണി, അടിമാലി, നെടുങ്കണ്ടം തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ കള്ളനോട്ടുകൾ വിതരണം ചെയ്തതായി ദീപു പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കേസിൽ മുൻപ് അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇടുക്കി ജില്ലയിൽ വൻതോതിൽ കള്ളനോട്ട് വിതരണം ചെയ്തതായി പ്രതികൾ പറഞ്ഞത്. തുടർന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ദീപുവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
ഇടുക്കി ജില്ലയിൽ അടിപിടി കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ദീപു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി മാവേലിക്കര സബ്ജയിലിൽ റിമാൻഡ് ചെയ്തു. റിമാൻഡിൽ കഴിയുന്നവരെ വരും ദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കുമെന്നും കേസിൽ ഇനിയും കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
മറുനാടന് മലയാളി ലേഖകന്.