തിരുവനന്തപുരം: ശബരിമലയിൽ ഭക്തർക്ക് നിവൃത്തിയില്ലാത്ത സ്ഥിതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മലകയറുന്ന അയ്യപ്പന്മാർക്ക് സർക്കാർ സൗകര്യം ഒരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 മണിക്കൂർ വരെ ഇരുമുടികെട്ടുമായി ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. ഭക്തർക്ക് വെള്ളം പോലും കിട്ടുന്നില്ല. യാതൊരു ക്രമീകരണവും സർക്കാർ ചെയ്യുന്നില്ല. നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണ്. ഇതരസംസ്ഥാനത്തുനിന്ന് വരുന്ന അയ്യപ്പഭക്തന്മാർ വലിയ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഷഹനയ്ക്കുണ്ടായ അവസ്ഥ കേരളത്തിൽ ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാവാൻ പാടില്ലെന്ന് ഡോ. ഷഹനയുടെ വസതി സന്ദർശിച്ചതിനു ശേഷം ചെന്നിത്തല പറഞ്ഞു കേരളത്തിൽ വ്യാപകമായ തോതിൽ സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യകൾ വർധിച്ചുവരികയാണ്. സർക്കാർ ഇത് ഗൗരവമായി എടുത്തു കർശന നടപടികൾ സ്വീകരിക്കണം. ഷഹനയുടെ കുടുംബത്തിന് നീതി ലഭിക്കാനുള്ള അടിയന്തര നടപടികളുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.