- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസ്സ് പരാജയം; കേവലമൊരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രം; ആഡംബര വാഹനം ഓടിക്കുന്ന കെ.എസ്ആർ.ടി.സി. ഡ്രൈവർക്ക് ശമ്പളം കിട്ടിയോ എന്ന് മുഖ്യമന്ത്രി തിരക്കണമെന്നും രമേശ് ചെന്നിത്തല
കോട്ടയം: നവകേരള സദസ്സ് പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പിനു മുൻപുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ പരിപാടിയാണിതെന്നും സർക്കാർ നിർബന്ധിച്ച് കൊണ്ടുവന്നവരാണ് പരിപാടിയിൽ പങ്കെടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
'നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെ കൈയിൽ ഒരു നിവേദനം പോലും കൊടുക്കാൻ ആർക്കും കഴിയുന്നില്ല. സർക്കാർ സമ്മർദ്ദം ചെലുത്തി തൊഴിലുറപ്പ് തൊഴിലാളികളെയും അംഗനവാടി ജീവനക്കാരേയും ഹരിത കർമ സേനയേയും മറ്റ് സർക്കാർ ഉദ്യോഗസ്ഥരെയും പാർട്ടിക്കാരേയും വിളിച്ചുകൂട്ടി നടത്തുന്ന മാമാങ്കമാണിത്. ഇതുകൊണ്ട് ജനങ്ങൾക്കും കേരളത്തിനും യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. കേവലമൊരു തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണിത്. സർക്കാർ പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. എന്നാൽ ഇവിടെ മുഴുവൻ രാഷ്ട്രീയമാണ് പറയുന്നത്. കോൺഗ്രസിനേയും യു.ഡി.എഫിനേയും ആക്ഷേപിക്കുക എന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നത്', ചെന്നിത്തല പറഞ്ഞു.
പരിപാടിയുടെ സംഘാടനത്തിൽ വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. പരിപാടിക്കായി പാർട്ടിക്കാർ ഉൾപ്പെടെ വൻതോതിൽ പണപ്പിരിവ് നടത്തുകയാണ്. സർക്കാർ പരിപാടിയിൽ പാർട്ടിക്കാർ പണപ്പിരിവ് നടത്തുന്നത് ഒരിക്കലും കേരളത്തിൽ ഉണ്ടാകാത്ത കാര്യമാണ്. പരാതി വാങ്ങാനാണെങ്കിൽ ഓൺലൈനിൽ വാങ്ങിയാൽ പോരെ, എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചു മാമാങ്കം നടത്തുന്നതെന്നും ചെന്നിത്തല ചോദിച്ചു.
ആഡംബരം ഇല്ലെങ്കിൽ എന്തിനാണ് സർക്കാർ ഒന്നരക്കോടി രൂപ ചെലവാക്കിയതെന്ന് ചോദിച്ച ചെന്നിത്തല, ആഡംബര വാഹനം ഓടിക്കുന്ന കെ.എസ്ആർ.ടി.സി. ഡ്രൈവർക്ക് ശമ്പളം കിട്ടിയോ എന്ന് മുഖ്യമന്ത്രി തിരക്കണമെന്നും ആവശ്യപ്പെട്ടു. എ.കെ. ബാലൻ പറഞ്ഞതുപോലെ വാഹനം അല്ല മ്യൂസിയത്തിൽ വയ്ക്കേണ്ടത്, ഈ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും മ്യൂസിയത്തിൽ വച്ചാൽ കാണാൻ ആള് കൂടുമെന്നും അദ്ദേഹം പരിഹസിച്ചു.
മറുനാടന് മലയാളി ബ്യൂറോ