കൊല്ലം: മൃഗസംരക്ഷണ മേഖലയിലെ പ്രത്യേകതകളും ജീവജാലങ്ങളെക്കുറിച്ച് അവബോധവും സൃഷ്ടിക്കുന്ന മ്യൂസിയം ജില്ലയിൽ സ്ഥാപിക്കുന്നത് പരിഗണനയിലാണെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ലാ മൃഗാശുപത്രിയിൽ മൃഗക്ഷേമ പുരസ്‌കാര സമർപണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2030ഓട് കൂടി തെരുവുനായശല്യം ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. വന്ധ്യകരണം ഉൾപ്പെടെയുള്ള പ്രവർത്തികൾ നടപ്പാക്കുന്നതിലൂടെ ഇതുസാധ്യമാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

മൃഗക്ഷേമ പുരസ്‌കാരമായ 10,000 രൂപയും ഫലകവും പൊന്നാടയും പുനലൂർ തടത്തിൽ വീട്ടിൽ മുഹമ്മദ് ഫൈസലിന് സമ്മാനിച്ചു. ചിത്രരചന,ക്വിസ് മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് പുരസ്‌കാരങ്ങൾ നൽകി. ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ സ്ഥാപിച്ച തണ്ണീർ പന്തലിന്റെ ഉദ്ഘാടനവും നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ അധ്യക്ഷനായി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ എസ് അനിൽകുമാർ, ഡെപ്യൂട്ടി ഡയറക്ടർമാരായ ഡോ എ എൽ അജിത്ത്, ഡോ ബി അജിത് ബാബു, ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈൻകുമാർ, എസ് പി സി എ സെക്രട്ടറി ഡോ ബി അരവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.