- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാം സൈറ്റിൽ നിന്നും ചിന്നാർ പുഴയിൽ വീണ തൊഴിലാളിയെ അഗ്‌നിരക്ഷാ സേന സാഹസികമായി രക്ഷിച്ചു; അപകടത്തിൽ പെട്ടത് ബംഗാൾ സ്വദേശി
അടിമാലി: ചിന്നാർ വൈദ്യുതി നിലയത്തിന്റെ നിർമ്മാണത്തിനിടെ ഡാമിന്റെ മുകളിൽ നിന്നും കാൽ വഴുതി ചിന്നാർ പുഴയിൽ വീണ ഇതര സംസ്ഥാന തൊഴിലാളിയെ അഗ്‌നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. പശ്ചിമബംഗാൾ സ്വദേശി നഞ്ചൻ ഹജോങ് (20)നെയാണ് അടിമാലി അഗ്‌നിരക്ഷാസേന രക്ഷിച്ചത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയായിരുന്നു അപകടം.
പ്രോജക്റ്റിന്റെ നിർമ്മാണത്തിനിടെ 40 അടി താഴ്ചയിൽ യുവാവ് പുഴയിലേക്ക് വീണു. വീഴ്ചയിൽ ഇയാളുടെ കാൽ ഒടിഞ്ഞു. പുഴയിൽ ശക്തമായ ഒഴുക്കായിരുന്നു. ഒഴുകി പോകുന്നതിനിടെ ഇയാൾ പുഴയുടെ നടുവിലെ പാറയിൽ പിടിച്ച് കയറി. അവശ നിലയിലായ യുവാവിനെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്ക് കൂടുതലായതിനാൽ സാധിച്ചില്ല. ഇതോടെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു.
അര മണിക്കൂറിനുള്ളിൽ അടിമാലിയിൽ നിന്നും അഗ്‌നി രക്ഷാ സേന എത്തി. പുഴയ്ക്ക് കുറുകെ വടം കെട്ടി. കയറിൽ തൂങ്ങി അപകടത്തിൽപ്പെട്ട തൊഴിലാളിയെ സാഹസികമായി ചുമന്ന് കരയ്ക്ക് എത്തിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അടിമാലി അഗ്‌നി രക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ കെ.റ്റി. പ്രഘോഷന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ പി.എച്ച്.അഭിഷേക്, കെ.എൻ. രാധാകൃഷ്ണൻ, വി.വി. രാഗേഷ്,ബേസിൽ ബാബു, ബിനീഷ് തോമസ്, ടി.കെ. രാജേഷ്, എസ്. ജിനു ,ഹോം ഗാർഡ് ജോർജ്ജ് ജോസഫ് എന്നിവർ രക്ഷാദൗത്യത്തിൽ പങ്കാളികളായി.
മറുനാടന് മലയാളി ലേഖകന്.