- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അതിതീവ്രമഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല; കാലാവസ്ഥാ മുന്നറിയിപ്പ് രീതികളില്‍ മാറ്റം വരുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കാലാവസ്ഥാ മുന്നറിയിപ്പ് നല്കുന്ന രീതികളില്‍ കാലഘട്ടത്തിനനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിലെ ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പൊതുവായ ആഗോള ഡാറ്റാബേസും മാനദണ്ഡങ്ങളും ഉപയോഗിച്ച് ശരാശരി മഴയാണ് പ്രവചിക്കുന്നത്. എന്നാല്‍ പൊടുന്നനെ അതിതീവ്ര മഴ പെയ്യുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, കേന്ദ്ര ജലകമ്മിഷന്, ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ എന്നിങ്ങനെയുള്ള കേന്ദ്ര സ്ഥാപനങ്ങളാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഈ മുന്നറിയിപ്പ് രീതികളില്‍ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്താന്‍ എല്ലാവരും തയ്യാറാകണം.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ലഘൂകരിക്കാനും കൈകാര്യം ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. കോട്ടയത്ത് കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ളൈമറ്റ് ചേഞ്ച് സ്റ്റഡീസ് ആരംഭിച്ചത് ഈ മേഖലകളില്‍ ഗവേഷണം നടത്തി സര്‍ക്കാരിന് നയപരമായ ഉപദേശങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ്.
വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്തത്തിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കാനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായി തന്നെ വേണ്ടതുണ്ട്. തീവ്രമഴയുടെ പ്രവചനം മെച്ചപ്പെടുത്തുന്നതിനായി കേരളത്തിന് അനുസൃതമായ മോഡല്‍ പാരാമീറ്റേഴ്സ് വികസിപ്പിക്കുന്നതിന് പഠനങ്ങള്‍ നടത്താന്‍ കാലാവസ്ഥാ വ്യതിയാന കേന്ദ്രത്തോട് ആവശ്യപ്പെടും.
ഇത്തരം പഠനങ്ങളുടെ ഫലങ്ങളിലൂടെ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ക്കുള്ള വിപുലമായ പ്രവചന ഉപാധികള്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിന് പ്രത്യേകമായി ഇത്തരം പഠനങ്ങള്‍ നടത്തുന്നതിന് ആവശ്യമായ മാനവശേഷിയും സൗകര്യങ്ങളും ഈ കേന്ദ്രത്തിന് ലഭ്യമാക്കും.
ഇങ്ങനെ ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സംസ്ഥാനത്തെ പ്രാപ്തമാക്കുന്നതോടൊപ്പം, ദുരന്താഘാതങ്ങള്‍ ലഘൂകരിക്കുന്നതിനായി മുന്‍കരുതലുകള്‍ തയ്യാറാക്കാനും കഴിയും. ആഘാതത്തിന്റെ വ്യാപ്തി കുറക്കുവാനും പൊതു സുരക്ഷയും പ്രകൃതി ദുരന്തങ്ങള്‍ക്കെതിരായ പ്രതിരോധവും വര്‍ദ്ധിപ്പിക്കുവാനും ലക്ഷ്യമിട്ടുള്ള ഈ നടപടി അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്'- മുഖ്യമന്ത്രി വ്യക്തമാക്കി.