- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം കേരളത്തോട് കാണിക്കുന്നത് ഭരണഘടനാ വിരുദ്ധമായ നിലപാട്; ഫെഡറൽ തത്വങ്ങൾക്ക് എതിരായാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രി
കണ്ണൂർ: കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ഭരണഘടനാ വിരുദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് എതിരായാണ് കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നത്. കേരളത്തിന് അർഹതപ്പെട്ട, അവകാശപ്പെട്ട പണം നൽകാതെ നാടിന്റെ എല്ലാ മേഖലയെയും സ്തംഭിപ്പിക്കാനുള്ള ഉദ്ദേശമാണ് കേന്ദ്രത്തിനുള്ളത്. ജനസാന്ദ്രതക്ക് ആനുപാതികമായ വിഹിതം നമുക്ക് ലഭിക്കുന്നില്ല. ഈ അവകാശങ്ങൾ കേരളം നിശ്ചയിച്ചതല്ല. ഭരണഘടനയിലുള്ളതാണ്. ഇത്തരത്തിൽ ഫെഡറൽ തത്വങ്ങൾക്ക് അനുസരിച്ച് കാര്യങ്ങൾ നീക്കാനാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചത്. അതിനെ ഗൗരവമായി തന്നെ സുപ്രീംകോടതി കണ്ടു. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തമ്മിൽ ചർച്ച നടത്താൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി, ധനമന്ത്രി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടു വന്നിട്ടും കേരളത്തോടുള്ള നിലപാടിൽ മാറ്റമുണ്ടായില്ല.
കടമെടുക്കൽ സംസ്ഥാനത്തിന്റെ അധികാരത്തിൽപ്പെട്ടതാണ്. അതിൽ പോലും അനാവശ്യമായ നിയന്ത്രണം കൊണ്ടുവന്നു. കേരള സമൂഹത്തിന്റെ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് പണം ഉണ്ടാകരുത് എന്നതാണ് കേന്ദ്ര സർക്കാരിന്റെ ആഗ്രഹം. രാഷ്ട്രീയമായി വ്യത്യസ്ത നിലപാടുകൾ ഉണ്ടാകും. പക്ഷെ അത് ജനങ്ങൾക്കെതിരെ ഉപയോഗിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലയിലെ പട്ടയ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടർ അരുൺ കെ വിജയൻ എന്നിവർ ചേർന്ന് നിർവഹിച്ചു.എ ഡി എം കെ നവീൻ ബാബു, കോർപ്പറേഷൻ സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ്ബാബു എളയാവൂർ, തളിപ്പറമ്പ് ആർ ഡി ഒ ടി എം അജയകുമാർ, എൽ ആർ ഡെപ്യൂട്ടി കലക്ടർ സിറോഷ് ജോൺ, എൽ എ ഡെപ്യൂട്ടി കലക്ടർ ഹിമ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എം വി ജയരാജൻ, വെള്ളോറ രാജൻ, രാഗേഷ് മന്ദമ്പേത്ത്, വി സി വാമനൻ, ഹമീദ് ചെങ്ങളായി, എം ഉണ്ണികൃഷ്ണൻ, തഹസിൽദാർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ