കോട്ടയം: മുഖ്യമന്ത്രിയുടെ പൊൻകുന്നം സന്ദർശനത്തിന് മുന്നോടിയായി പൊലീസിന്റെ 'അതീവ ജാഗ്രത'. കോട്ടയത്ത് യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലാക്കി. കൊച്ചിയിലെ കരിങ്കൊടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് കോട്ടയത്ത് പൊലീസിന്റെ കരുതൽ നടപടി.

യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി നായിഫ് ഫൈസി, കാഞ്ഞിരപ്പള്ളി മണ്ഡലം പ്രസിഡന്റ് അഫ്സൽ കളരിക്കൽ, ടൗൺ വാർഡ് പ്രസിഡന്റ് ഇ.എസ്.സജി എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് കരുതൽ തടങ്കലിലാക്കിയത്.

അതേസമയം, മരണാനന്തര ചടങ്ങിന് പോയ നേതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. സിപിഎം. വാഴൂർ ഏരിയ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് മുഖ്യമന്ത്രി പൊൻകുന്നത്ത് എത്തുന്നത്.

കൊച്ചിയിൽ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനെത്തിയ കെഎസ്‌യു വനിതാ നേതാവിന് നേരെ പൊലീസ് അതിക്രമം വിവാദമായതിന് പിന്നാലെയാണ് കോട്ടയത്തെ കരുതൽ തടങ്കൽ നടപടി. കെഎസ്‌യു ജില്ലാ സെക്രട്ടറി മിവ ജോളിയാണ് അതിക്രമത്തിന് കഴിഞ്ഞ ദിവസം ഇരയായത്.

കരിങ്കൊടിയുമായി ഓടിയെത്തിയ മിവയെ എസ്‌ഐ കോളറിൽ കുത്തിപ്പിടിച്ച് വലിച്ചു. പിന്നീട് വനിത പൊലീസെത്തി മിവയെ പിടികൂടി പൊലീസ് വാഹനത്തിലേക്ക് കയറ്റി. ഇതിനിടെ പുരുഷ പൊലീസുകാരും ഇടപ്പെട്ടു.

കൊച്ചിയിൽ മുഖ്യമന്ത്രിക്കുനേരെ രണ്ടിടത്ത് യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. അങ്കമാലിയിൽ പ്രഫഷണൽ സ്റ്റുഡന്റ്‌സ് സമ്മിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞുമടങ്ങും വഴിയായിരുന്നു ആദ്യത്തെ പ്രതിഷേധം. വഴിയരികിൽ കാത്തുനിന്ന പ്രതിഷേധക്കാർ കരിങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ നീങ്ങി.

ഉച്ചകഴിഞ്ഞ് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം കഴിഞ്ഞ് മടങ്ങിയ മുഖ്യമന്ത്രിക്കുനേരെ കളമശ്ശേരിയിലും പ്രതിഷേധമുണ്ടായി. മുദ്രാവാക്യവുമായി നിലയുറപ്പിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു നിർത്തിയാണ് മുഖ്യമന്ത്രിക്ക് വഴിയൊരുക്കിയത്.