- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ അഗ്നിബാധ: പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തത് പ്രതിസന്ധി; ഞായറാഴ്ച പ്രദേശവാസികൾ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാ കളക്ടർ; കടകളും സ്ഥാപനങ്ങളും അടച്ചിടാൻ ശ്രമിക്കണമെന്നും നിർദ്ദേശം; തീയണയ്ക്കാൻ തീവ്രശ്രമം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണക്കാനുള്ള ശ്രമം തുടരുന്നതിനിടെ മുൻകരുതൽ നടപടി നിർദ്ദേശിച്ച് ജില്ല ഭരണകൂടം. ഈ മേഖലയിൽ പരമാവധി കടകൾ അടച്ചിടാൻ ശ്രമിക്കണമെന്നും കൂടുതൽ പുക ഉയരാനുള്ള സാഹചര്യം മുന്നിൽകണ്ട് പ്രദേശവാസികൾ വീടുകളിൽ തന്നെ തുടരുന്നതാകും ഉചിതമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഞായറാഴ്ച പൊതുജനങ്ങൾ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും അത്യാവശ്യമെങ്കിൽ മാത്രമേ പുറത്തിറങ്ങാവു എന്നുമാണ് എറണാകുളം ജില്ലാ കളക്ടർ രേണുരാജ് ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞത്.
'തീ അണക്കാൻ ആവശ്യമായ വെള്ളമെടുക്കാൻ ശക്തിയുള്ള മോട്ടറുകൾ ആവശ്യമുണ്ട്. പ്രളയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലുള്ള രണ്ട് മോട്ടറുകൾ ഇന്ന് തന്നെ ജില്ലയിൽ എത്തിക്കും. ഇതിന് പുറമെ ആവശ്യമായ ഡീസൽ പമ്പുകളും എത്തിക്കും. ഞായറാഴ്ച പകൽ സമയങ്ങളിൽ, ബ്രഹ്മപുരവും ചുറ്റുപാടുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം പുറത്തിറങ്ങുക. അല്ലാത്തപക്ഷം വീടിനുള്ളിൽ തന്നെ കഴിച്ചുകൂട്ടണമെന്ന നിർദ്ദേശം ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി പുറപ്പെടുവിക്കും. കടകളും സ്ഥാപനങ്ങളും അടച്ചിടാൻ കർശന നിർദ്ദേശം നൽകില്ലെങ്കിലും ഞായറാഴ്ച ആയതിനാൽ കഴിവതും അടച്ചിട്ടാൽ ആളുകൾക്ക് പുറത്തിറങ്ങേണ്ട സാഹചര്യം കുറയും. പൊതുജനങ്ങളും സ്ഥാപന ഉടമകളും സഹകരിക്കണം' രേണുരാജ് അഭ്യർത്ഥിച്ചു.
രണ്ട് ദിവസം ആകുമ്പോഴും കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. പ്ലാസ്റ്റിക് മാലിന്യത്തിലെ തീ കെടാത്തതാണ് പ്രതിസന്ധി. കൂടുതൽ ഫയർ എഞ്ചിനടക്കം എത്തിച്ച് നാളെ വൈകീട്ടോടെ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫയർ എഞ്ചിനുകൾക്ക് പ്രവർത്തിക്കാൻ തടസ്സം നേരിടുന്നതിനാൽ നേവി,എയർ ഫോഴ്സ് യൂണിറ്റുകളെ തീകെടുത്താനായി തത്കാലം സമീപിക്കില്ല.
തീപ്പടർന്ന് 48 മണിക്കൂറ് പിന്നിടുമ്പോഴും ബ്രഹ്മപുരത്തെ മാലിന്യമലയിൽ പുക ഉയരുകയാണ്.ഒരു ഭാഗത്ത് തീ കെടുത്തുമ്പോഴും പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ വീണ്ടും പടരുന്നു. വെല്ലുവിളികൾ തുടരുമ്പോൾ കൂടിയാലോചനയ്ക്ക് ശേഷമാണ് ജില്ല ഭരണകൂടം പുതിയ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത്.ബിപിസിഎല്ലിനൊപ്പം കൊച്ചിയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ ഫയർ എഞ്ചിനുകളടക്കം ബ്രഹ്മപുരത്തേക്ക് എത്തി. എയർ ഫോഴ്സ്,നേവി യൂണിറ്റുകളുടെ സഹായം തേടാൻ ആദ്യം ആലോചിച്ചെങ്കിലും ആ തീരുമാനം തത്കാലത്തേക്ക് പിൻവലിച്ചു.
നാളെ യുദ്ധകാലടിസ്ഥാനത്തിൽ തീകെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഞായറാഴ്ച ആയതിനാൽ ബ്രഹ്മപുരം പരിസരത്തും പുക വ്യാപകമായി പ്രശ്നങ്ങൾ ഉണ്ടാക്കുന്ന സ്ഥലങ്ങളിലും മുൻകരുതൽ വേണനെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ബ്രഹ്മപുരത്തെ തീപിടുത്തം കമ്മീഷണർ അന്വേഷണിക്കണമെന്ന് ഇന്ന് ചേർന്ന യോഗത്തിൽ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിട്ടുണ്ട്. ബ്രഹ്മപുരത്തേക്ക് മാലിന്യവണ്ടികൾ കയറ്റാനാകാത്തതിനാൽ നഗരത്തിലെ വീടുകളിലും ഫ്ളാറ്റുകളിലും നിന്ന് മാലിന്യം ശേഖരിക്കുന്നത് നിർത്തി. മാലിന്യ നിക്ഷേപത്തിന് പകരം സ്ഥലങ്ങൾ കണ്ടെത്തി നാളെ മാലിന്യം നീക്കം തുടങ്ങാനും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.
നിലവിൽ ഇരുപത് അഗ്നിരക്ഷാ എഞ്ചിനുകൾ തീയണയ്ക്കാനുള്ള ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. അപകടസാധ്യത കണക്കിലെടുത്ത് ബ്രഹ്മപുരം പരിസരത്ത് നാളെ കഴിവതും ജനങ്ങൾ പുറത്തിറങ്ങാതെ വീടുകളിൽ തന്നെ കഴിയണമെന്നും അവധി ദിനമായതിനാൽ പരമാവധി സഹകരിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു. ആവശ്യപ്പെട്ടാൽ മൂന്ന് മണിക്കൂറിൽ രക്ഷാപ്രവർത്തനം നടത്താൻ തയ്യാറാണെന്ന് കോയമ്പത്തൂരിലെ വ്യോമസേന യൂണിറ്റ് അറിയിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
നഗരത്തിലെ മാലിന്യനീക്കം നാളെയോടെ പുനരാരംഭിക്കുമെന്നും മാലിന്യ നിക്ഷേപത്തിന് മറ്റു സ്ഥലങ്ങൾ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും കളക്ടർ അറിയിച്ചു. പുക ശല്യം നേരിടുന്ന സ്ഥലങ്ങളിലെ കടകൾ അടച്ചിടാൻ ശ്രമിക്കണമെന്നും മാലിന്യം കത്തിക്കുകയോ തീയിടുകയോ ചെയ്യരുതെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യത്തിലെ കനലുകൾ കെടാത്തതാണ് പ്രതിസന്ധി. അഗ്നിരക്ഷ സേനയ്ക്കൊപ്പം നാവിക സേനയുടെയും ബിപിസിഎല്ലിന്റെയും ചേർത്ത് 25 യൂണിറ്റുകൾ തീ അണയ്ക്കാൻ ബ്രഹ്മപുരത്തുണ്ട്. ഒപ്പം നാവിക സേന ALH, സീ കിങ് ഹെലികോപ്റ്ററുകളിലെത്തി വെള്ളം തളിക്കുന്നു. 600 ലിറ്റർ വെള്ളമാണ് ഒറ്റത്തവണ ആകാശത്ത് നിന്നൊഴിക്കുന്നത്.
ഇന്നലെ പകൽ കെടുത്തിയ തീ രാത്രി മാലിന്യകൂമ്പാരത്തിൽ വീണ്ടും ആളിപ്പടർന്നു. ഇതോടെ ബ്രഹ്മപുരത്ത് നിന്നുള്ള പുക രാവിലെ കൊച്ചി നഗരത്തിലെ വൈറ്റില മുതൽ തേവര വരെയുള്ള മേഖലകളിലേക്ക് എത്തിയിരുന്നു. അഗ്നിബാധയെ തുടർന്ന് കൊച്ചിനഗരത്തിലെ മാലിന്യ നീക്കവും തടസ്സപ്പെട്ടിരിക്കുകയാണ്.
തീപിടിത്തമുള്ള പ്രദേശത്തിന് ചുറ്റുപാട് താമസിക്കുന്നവർക്കോ, ജോലി ചെയ്യുന്ന ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കോ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ജനറൽ ആശുപത്രി, പി.എച്ച്.സി. ഉൾപ്പെടെയുള്ള ആശുപത്രികൾ സജ്ജീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി. ബ്രഹ്മപുരത്തിനടുത്ത് തന്നെ ഓക്സിജൻ കിയോസ്ക് സ്ഥാപിക്കാൻ നിർദ്ദേശം നൽകിയതായും കളക്ടർ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ