ആലപ്പുഴ: ജഡ്ജിയുടെ കാർ തടഞ്ഞ് ഡ്രൈവറെ ചീത്ത വിളിച്ച സംഭവത്തിൽ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. ആലപ്പുഴ നോർത്ത് ബ്ലോക്ക് പ്രസിഡണ്ടായ കെഎ സാബുവാണ് അറസ്റ്റിലായത്. മോട്ടോർ വെഹിക്കിൾ ക്ലെയിംസ് ട്രിബ്യൂണൽ ജഡ്ജിയുടെ വാഹനമാണ് സാബു തടഞ്ഞുനിർത്തി ഡ്രൈവറെ ചീത്ത വിളിച്ചത്.

ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. രണ്ടു ദിവസം മുമ്പാണ് സംഭവം. ജഡ്ജിയെ ജോലി കഴിഞ്ഞ് വീട്ടിൽ കൊണ്ടു ചെന്നാക്കി തിരികെ വരികയായിരുന്നു ഡ്രൈവർ. പുന്നമടയിൽ വെച്ച് ഗട്ടർ ഒഴിവാക്കാനായി കാർ വലതുവശത്തേക്കെടുക്കുകയായിരുന്നു. ഈ സമയത്ത് എതിർദിശയിലൂടെ സ്‌കൂട്ടറിൽ വരികയായിരുന്നു സാബു. കാർ നേരെ വരുന്നത് കണ്ട സാബു സ്‌കൂട്ടർ കാറിന് കുറുകെ നിർത്തി.

ഗട്ടർ ഒഴിവാക്കി വന്ന കാർ സ്‌കൂട്ടറിൽ ഇടിക്കാൻ വന്നുവെന്ന് ആരോപിച്ചാണ് വണ്ടി തടഞ്ഞത്. തുടർന്ന് ഡ്രൈവറെ ചീത്ത വിളിക്കുകയായിരുന്നു. ഈ സമയത്ത് ജഡ്ജി കാറിൽ ഉണ്ടായിരുന്നില്ല. അതേസമയം, സ്റ്റേഷൻ ജാമ്യം കൊടുക്കാവുന്ന കേസായിട്ടും സാബുവിനെ കോടതിയിൽ ഹാജരാക്കാനുള്ള പൊലീസ് നീക്കം വിവാദത്തിലായി.