രാജാക്കാട്: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വയോധികരായ മാതാപിതാക്കളെ കാണാൻ പരോളിലിറങ്ങി പൊലീസിനെ വെട്ടിച്ച് മുങ്ങിയ പ്രതി പിടിയിൽ. 24 മണിക്കൂറിനകം ഇയാളെ പിടികൂടാൻ സാധിച്ചത് രാജാക്കാട് പൊലീസിന് അഭിമാനമായി. 2015 ൽ കോട്ടയത്ത് നടന്ന കൊലപാതക കേസിലെ പ്രതിയായ പൊന്മുടി കളപ്പുരയിൽ വീട്ടിൽ ജോമോൻ(44) ആണ് അറസ്റ്റിലായത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വയോധികരായ മാതാപിതാക്കളെക്കാണാൻ താൽക്കാലിക പരോളിൽ പൊലീസിനൊപ്പം വീട്ടിലെത്തിയതാണ് ജോമോൻ. ഇതിനിടയിലാണ് പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെട്ടത്. പൊന്മുടി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശവും വനമേഖലയുമാണിവിടം. സംഭവം അറിഞ്ഞ യുടനെ മൂന്നാർ ഡിവൈഎസ്‌പി കെ.ആർ. മനോജിന്റെ നിർദ്ദേശപ്രകാശം രാജാക്കാട് പൊലീസ് തിരച്ചിൽ തുടങ്ങിയിരുന്നു. എസ്എച്ച്ഒ ബി. പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം രാത്രിയിലും വനമേഖലയിൽ തിരച്ചിൽ തുടരുകയായിരുന്നു.

രാത്രിയിൽ കാട്ടിൽ പതുങ്ങിയിരുന്ന പ്രതി ഇന്നലെ പകൽ പുറത്തിറങ്ങി കുളത്തറക്കുഴി ഭാഗത്തെത്തി. അവിടെ നിന്നും ജില്ല കടക്കാൻ ശ്രമിക്കുന്നതിനിടയിൽ രാജാക്കാട് പൊലീസിന്റെ വലയിൽപ്പെടുകയായിരുന്നു. ഡിവൈഎസ്‌പിയുടെ നിർദ്ദേശത്തെ തുടർന്ന് ജാഗരൂകരായ രാജാക്കാട് പൊലീസ് നടത്തിയ നിതാന്ത ജാഗ്രതയാണ് പ്രതിയെ കുടുക്കാൻ ഇടയാക്കിയത്. അറസ്റ്റ് ചെയ്ത പ്രതി ജോമോനെതിരെ കേസെടുത്തെതായും ഇന്ന് അടിമാലി കോടതിയിൽ ഹാജരാക്കുമെന്നും എസ്എച്ച്ഒ പറഞ്ഞു.