- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുറ്റകൃത്യ രഹിത മേഖലയാകാൻ കോട്ടൺഹിൽ സ്‌കൂൾ പരിസരം; അത്യാധുനിക സൗകര്യമുള്ള 23 സി.സി ടിവി കാമറകള്ൾ സ്ഥാപിച്ചു; പദ്ധതി യാഥാർത്ഥ്യമാക്കിയത് 8 ലക്ഷം രൂപ ചെലവിൽ
തിരുവനന്തപുരം: മന്ത്രി വാക്കുപാലിച്ചു, കോട്ടൺഹിൽ ജി.ജി.എച്ച്.എസ്.എസ് ഇനി സമ്പൂർണ കാമറ നിരീക്ഷണത്തിൽ. സ്‌കൂളിലെയും പരിസരത്തെയും ചലനങ്ങൾ ഒപ്പിയെടുക്കാൻ അത്യാധുനിക സൗകര്യമുള്ള 23 സി.സി ടിവി കാമറകളാണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. സ്‌കൂളിന് സി.സി ടിവി സംവിധാനം ഒരുക്കുമെന്ന് മന്ത്രി ഇക്കഴിഞ്ഞ ജൂലായിൽ ഉറപ്പ് നൽകിയിരുന്നു.തുടർന്ന് കാമറ സ്ഥാപിക്കാനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ആദ്യഘട്ടമെന്ന നിലയിൽ എട്ട് ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.
സ്‌കൂൾ പരസരവും പുറത്തുനിന്നുള്ള ദൃശ്യങ്ങളും ലഭിക്കുന്ന തരത്തിലാണ് നൈറ്റ് വിഷൻ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കാമറയിലെ ദൃശ്യങ്ങൾ പ്രധാനാദ്ധ്യാപകർക്ക് നേരിൽ ലഭിക്കും. സൂം ചെയ്യാനുള്ള സംവിധാനവുമുണ്ട്. കെൽട്രോണാണ് പദ്ധതി നടപ്പാക്കിയത്. രണ്ടാം ഘട്ടത്തിൽ കൂടുതൽ കാമറകൾ സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.നിലവിൽ നഗരസഭയുടേതായി ഒൻപത് കാമറകളാണ് സ്‌കൂളിലുള്ളത്.
സ്‌കൂളിൽ കഴിഞ്ഞ ജൂലായിൽ റാഗിങ് പരാതി ഉയർന്നപ്പോഴാണ് സ്‌കൂളിൽ കൂടുതൽ സി.സി ടിവികൾ സ്ഥാപിക്കണമെന്ന ആവശ്യം രക്ഷിതാക്കൾ മുന്നോട്ടുവച്ചത്. ഉടൻതന്നെ അന്ന് സ്‌കൂൾ സന്ദർശിച്ച മന്ത്രി ആന്റണി രാജു അത് സമ്മതിക്കുകയും ചെയ്തിരുന്നു. സി.സി ടിവി കാമറ സ്ഥാപിക്കലിന്റെ തുടർനടപടികൾ ഉടൻ ആരംഭിക്കുകയും ചെയ്തു.സ്‌കൂളിന് കഴിഞ്ഞ മാസം മന്ത്രി പുതിയ സ്‌കൂൾ ബസ് അനുവദിച്ചിരുന്നു. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ രണ്ട് വാട്ടർ കിയോസ്‌കുകളും മന്ത്രിയുടെ ഫണ്ടിൽ നിന്ന് ഉടൻ സ്‌കൂളിലെത്തും.
മറുനാടന് മലയാളി ബ്യൂറോ