തിരുവനന്തപുരം: കോവിഡ് പരിശോധനകൾ ഏറ്റവുമധികം നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതിനാൽ സംസ്ഥാനത്ത് കോവിഡ് നിരക്കുകൾ കൂടുന്നത് സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. ജെഎൻ.1 വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് കേരളത്തിലാണ് എന്നത് വ്യക്തമാക്കുന്നത് ഇവിടുത്തെ സംവിധാനം എത്രത്തോളം മികച്ചതാണ് എന്നാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ പലഭാഗങ്ങളിലും പുതിയ വകഭേദമുണ്ട്. എങ്കിലും കേരളം ആദ്യമായി ഓൾജീനോമിക് സീക്വൻസിലൂടെ കണ്ടുപിടിക്കുകയായിരുന്നു. അതും ഡിസംബറിലെ സാമ്പിളിലല്ല മറിച്ച് കോവിഡ് നിരക്ക് ചെറുതായി കൂടുന്നതുകണ്ടപ്പോൾ നവംബറിൽ എടുത്ത സാമ്പിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

നിലവിൽ കോവിഡ് സംബന്ധിച്ച പ്രോട്ടോക്കോൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രായമായവർ, ഗർഭിണികൾ, അനുബന്ധരോഗങ്ങൾ ഉള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. ജെഎൻ.1-ന്റെ വ്യാപനശേഷി കൂടുതലാണെങ്കിലും ഗുരുതരാവസ്ഥയിലേക്ക് പോകാനിടയില്ല. എന്നുകരുതി ജാഗ്രത കൈവിടരുതെന്നും ടെസ്റ്റുകൾ കൂടുന്നതുകൊണ്ടാണ് നിരക്കുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു.