ഇടുക്കി: ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഭരണപക്ഷത്തിന്റെ വീഴ്ച ചൂണ്ടിക്കാട്ടി സിപിഐ. തിരഞ്ഞെടുപ്പ് പരാജയം ഇടതുപക്ഷത്തിന്റെ പരാജയമെന്നും ഇടതുപക്ഷസർക്കാരിന്റെ ഭരണത്തിൽ ജനം നിരാശരാണെന്നും സിപിഐ. കൗൺസിലംഗം കെ. കെ. ശിവരാമൻ വ്യക്തമാാക്കി.

വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടൽ നടത്താൻ കഴിയാത്തതും ക്ഷേമപെൻഷൻ മുടങ്ങിയതും ഉദ്യോഗസ്ഥതലത്തിൽ നടക്കുന്ന അഴിമതിയും തിരിച്ചടിയായെന്ന് കെ.കെ. ശിവരാമൻ പറഞ്ഞു. ജനങ്ങൾ നിരാശരായിരുന്നു എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്, ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിൽ നിന്നും അവർ പ്രതീക്ഷിക്കുന്നത് ലഭിക്കുന്നില്ലായെന്ന വികാരം സാധാരണ വോട്ടർമാർക്കുണ്ടായിരുന്നുവെന്ന് തനിക്ക് തോന്നുന്നത്, ശിവരാമൻ പറഞ്ഞു.

സാമൂഹ്യക്ഷേമപെൻഷന്റെ കാര്യത്തിൽ ഉമ്മൻ ചാണ്ടി സർക്കാർ 18 മാസ കുടിശ്ശിക വരുത്തിയിരുന്നെങ്കിലും ഇടതുപക്ഷജനാധിപത്യമുന്നണി ആറ് മാസം കുടിശ്ശിക വരുത്തിയാൽ അത് ഉൾക്കൊള്ളാൻ കഴിയുന്ന മനസ്സല്ല ഈ പാവപ്പെട്ട ജനങ്ങളുടേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതുപോലെ മാവേലി സ്റ്റോറുകളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും തിരിച്ചടിയായി. കമ്പോളത്തിൽ ഫലപ്രദമായി ഇടപെട്ട് വിലക്കയറ്റം തടയാനുള്ള നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ താങ്ങും തണലുമായി സർക്കാർ മാറേണ്ടതാണ്. അത്തരം കാര്യങ്ങളിലെല്ലാം ജനങ്ങൾക്ക് വല്ലാത്ത നിരാശയും അസംപ്തൃപ്തിയും ഉണ്ടായിരുന്നുവെന്നും ശിവരാമൻ പ്രതികരിച്ചു.