കാസർകോട്: പൊലീസുകാരനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് എആർ ക്യാമ്പിലെ സിപിഒ സുധീഷി(40)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുൻവശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്.

ഏറെനാളായി പൂട്ടിക്കിടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ വളപ്പിൽ ഒരാൾ കമിഴ്ന്നുകിടക്കുന്നത് കണ്ട നാട്ടുകാരനാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. നേരത്തെ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലായിരുന്ന സുധീഷ് നടപടികൾ നേരിട്ടതിന്റെ ഭാഗമായാണ് എആർ ക്യാമ്പിലേക്കെത്തിയതെന്നാണ് വിവരം.

അടുത്തിടെയായി മെഡിക്കൽ അവധിയിലായിരുന്നുവെന്നും വിവരമുണ്ട്. കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മേൽനടപടികൾ പൂർത്തിയാക്കി പൊലീസ് അന്വേഷണം ആരംഭിച്ചു.