തൃപ്പൂണിത്തുറ: ബാറിൽ വച്ച് യുവാവിന്റെ സ്വർണ്ണമാല കവർന്ന കേസിലെ പ്രതികൾ അറസ്റ്റിൽ. മുളന്തുരുത്തി കാരിക്കോട് പേയ്ക്കൽ വീട്ടിൽ സാജൻ (44) മുളന്തുരുത്തി കണ്ടൻ ചിറയിൽ വീട്ടിൽ വിനോദ് (40 )എന്നിവരെയാണ് മുളന്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 22 ന് വൈകിട്ട് മുളന്തുരുത്തിയിലെ പോളക്കുളത്ത് ബാറിലെത്തിയ യുവാവിനെ മർദ്ദിച്ച ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു.

പിന്നീട് മാല പ്രതികൾ സ്വകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുകയും ആ തുകകൊണ്ട് മറ്റൊരു മാല വാങ്ങുകയും ചെയ്തു. ഇത് ഇവരിൽ നിന്ന് കണ്ടെടുത്തു. ഇൻസ്‌പെക്ടർ പി.എസ്.ഷിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്‌ഐ മാരായ സുമിത, റെജി, സുരേഷ്, എസ്.സി.പി. ഒ വിനോദ് സി പി ഒമാരായ രാജേഷ്, സന്തോഷ് കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.