കണ്ണൂർ: ശ്രീകണ്ഠപുരത്ത് ബാങ്കിൽ മുക്കുപണ്ടം വെച്ച് തട്ടിപ്പ് നടത്തിയ രണ്ടുപേർ അറസ്റ്റിലായി. കൂട്ടുമുഖം സഹകരണ ബാങ്കിലാണ് മലപ്പട്ടം സ്വദേശി കെഎം സുരേഷും (39), കൂട്ടുമുഖം പൊടിക്കളത്തെ സലാം (49) എന്നിവരാണ് പൊലീസ് പിടിയിലായത്.

എസ് ഐ കെ വി രഘുനാഥന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്. ബുധനാഴ്ച രാവിലെ 10 30 ഓടെ കെ വി സലാമാണ് ബാങ്കിൽ സ്വർണം എന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയത്. പണയം വെക്കാൻ കൊണ്ടുവന്ന സ്വർണം എത്ര പവനാണ് എന്ന് ചോദിച്ചപ്പോൾ സലാമിന് കൃത്യമായ ഉത്തരമുണ്ടായിരുന്നില്ല. സലാം കൊണ്ടുവന്ന മാല പരിശോധിച്ചപ്പോൾ സ്വർണത്തിന്റേതായ തിളക്കമോ തൂക്കമോ ഒന്നും മാലയ്ക്ക് ഉണ്ടായിരുന്നില്ല.

ഇത് എവിടുന്ന് കിട്ടിയതാണ് എന്ന് ചോദിച്ചപ്പോൾ സുരേഷാണ് തന്നെ മാല പണയും വെക്കാൻ ഏൽപ്പിച്ചത് എന്നും അദ്ദേഹത്തിന് മാത്രമേ ഇതിന്റെ ബാക്കി കാര്യങ്ങൾ അറിയാവുള്ളൂ എന്നും സലാം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ സെക്രട്ടറി പി പി വി പ്രദീപൻ സുരേഷിനെ വിളിച്ചു വരുത്തി. സുരേഷിന്റെ അടുത്ത് ചോദിച്ചപ്പോൾ അഞ്ചു പവനോളം തൂക്കം വരുന്ന മാലയാണ് ഇത് എന്ന് പറഞ്ഞു.

ഇതിന്റെ അടിസ്ഥാനത്തിൽ മാല തൂക്കി നോക്കിയപ്പോൾ 19.8 ഗ്രാം മാത്രമായിരുന്നു തൂക്കം. ഇതിൽ സംശയം തോന്നിയ സെക്രട്ടറിയും ബാങ്ക് ജീവനക്കാരും മാല ഉരച്ചുനോക്കി. മാല ഉരച്ചു നോക്കിയതോടെ മാല മുക്ക്പണ്ടം എന്ന് ഇവർക്ക് വ്യക്തമായതിനെ തുടർന്നു പൊലീസിനെ വിളിച്ചു. പൊലീസ് എത്തിയതിനു ശേഷം എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ സുരേഷ് തനിക്ക് മാലയുമായി ഒരു ബന്ധമില്ല എന്ന് പറഞ്ഞു.

സലാം, മാല സുരേഷ് തന്നെ ഏൽപ്പിച്ചതാണ് എന്നുള്ള വാദത്തിൽ ഉറച്ചുനിന്നു. തുടർന്ന് ബാങ്ക് പരിസരത്ത് വെച്ച് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വച്ച് രണ്ടുപേരെയും ചോദ്യം ചെയ്തപ്പോൾ രണ്ടുപേരും മാല മുക്കുപണ്ടം ആണ് എന്നും ഇരുവരും ചേർന്ന് പണം കണ്ടെത്താനാണ് മാല ബാങ്കിൽ പണയം വയ്ക്കാൻ ശ്രമിച്ചത് എന്നും തുറന്നു സമ്മതിച്ചു.

രണ്ടുപേരും ചേർന്ന് പുതുതായി ബിസിനസ് തുടങ്ങാൻ പദ്ധതി ഇട്ടിരുന്നു. ഇതിൽ സുരേഷിന്റെ ഓഹരി ആയാണ് മാല സലാമിന് നൽകിയത്. മറ്റൊരാളിൽ നിന്ന് വാങ്ങിയ ശേഷമാണ്, സുരേഷ് മാല കൈമാറിയത് എന്നും സമ്മതിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്താൻ ബോധപൂർവ്വമായ ശ്രമം ഉണ്ടായിരുന്നുവെന്നും ആളുകളെ കബളിപ്പിക്കാൻ വേണ്ടി മാലയുടെ പുറത്ത് 916 എന്ന് ബോധപൂർവ്വം എഴുതിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പക്ഷേ ഈ ആഭരണത്തിൽ ജൂവലറിയുടെ പേരോ മറ്റു കാര്യങ്ങൾ ഒന്നും തന്നെ രേഖപ്പെടുത്തിയിട്ടില്ല.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് സലാം. ഇതിന് പുറമേ ഇയാൾ പച്ചക്കറി മൊത്തമായും വിലയ്‌ക്കെടുത്ത് വില്പന നടത്തുന്ന ബിസിനസും നടത്താറുണ്ട്. പ്രവാസിയായിരുന്ന സുരേഷ് ഇപ്പോൾ നാട്ടിലെത്തി ഡ്രൈവറായി ജോലി ചെയ്യുകയാണ്. ഇരുവരും ബോധപൂർവ്വമാണ് തട്ടിപ്പ് നടത്തിയത് എന്ന് പൊലീസ് പറയുന്നു. ഇവർ ഇത്തരത്തിൽ മറ്റെവിടെയെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നുള്ള കാര്യം പൊലീസ് പരിശോധിക്കും.