- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരന്റെ കാർ അടിച്ചുതകർത്തിട്ട് മേപ്പാടിയിലെ ഒളികേന്ദ്രത്തിലേക്ക് മുങ്ങി; കീശ കാലിയായതോടെ വീട്ടിൽ രഹസ്യമായി എത്തിയ മയക്കുമരുന്ന് ഇടപാടുകാരൻ പിടിയിൽ
മലപ്പുറം: പൊലീസുകാരന്റെ കാർ അടിച്ചു തകർത്ത മയക്ക് മരുന്ന് ഇടപാടുകാരനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ 25കാരൻ അവസാനം പിടിയിൽ. ദിവസങ്ങളോളം വയനാട്ടിലെ മേപ്പാടിയിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പണം തീർന്നതോടെ മുമ്പ് സ്വന്തം വീട്ട് പരിസരത്ത് ഒളിപ്പിച്ച് വെച്ച കഞ്ചാവ് എടുക്കാനെത്തിയപ്പോഴാണ് പൊലീസിന്റെ വലയിലായത്. പ്രതി കരുവാരക്കുണ്ട് സ്വദേശി കൂനംമാവ് താമസിക്കും മുതുകോടൻ മഷൂദ് (25) കഞ്ചാവ് സഹിതമാണ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 21ന് രാത്രി -കാളികാവ് പൊലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒ വിനയദാസിന്റെ കരുവാരക്കുണ്ടിലെ വീട്ടിൽ അതിക്രമിച്ച് കയറി കാറ് തല്ലിത്തകർക്കുകയും വിനയദാസിനെ കൊല്ലുമെന്ന് പറഞ്ഞ് കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു പ്രതി. തുടർന്ന് ശബ്ദം കേട്ട് വിനയദാസ് വീട്ടിനകത്ത് നിന്ന് പുറത്തിറങ്ങിയതോടെ പ്രതി ഓടിപ്പോവുകയായിരുന്നു. വിനയന്റെ പരാതിയിൽ കേസെടുത്ത് കരുവാരക്കുണ്ട് സിഐ: സി.കെ.നാസറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ല.
പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞതോടെ് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ദിവസങ്ങളോളം വയനാട്ടിലെ മേപ്പാടിയിലെ രഹസ്യ കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതി പണം തീർന്നതോടെ സ്വന്തം വീട്ട് പരിസരത്ത് ഒളിപ്പിച്ച് വെച്ച കഞ്ചാവ് എടുക്കാനായി ഇന്നു വൈകുന്നേരം വളരെ രഹസ്യമായി വേഷം മാറി എത്തിയതായിരുന്നു.
കഞ്ചാവുമായി സുഹൃത്തിന്റെ ബൈക്കിൽ തിരിച്ച് വയനാട്ടിലേക്ക് തന്നെ പോവാനായി ശ്രമിക്കുന്നതിനിടയിലാണ് രഹസ്യ വിവരത്തെ തുടർന്ന് കരുവാരകുണ്ട് കേരള എസ്റ്റേറ്റ് - പൂച്ചപ്പൊയിൽ വെച്ച് മഷുദിനെ പൊലീസ് പിടികൂടിയത്. കൈശമുള്ള ബാഗ് പരിശോധിച്ചതിൽ വസ്ത്രങ്ങൾക്കിടയിൽ പ്ലാസ്റ്റിക്ക് കവറിലാക്കി ഒളിപ്പിച്ച 940 ഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് കഞ്ചാവ് കൈവശം വെച്ചതിനും കരുവാരകുണ്ട് പൊലീസ് കേസെടുത്തു. ഏറെ നേരം പൊലീസിനെ വട്ടം കറക്കിയ പ്രതിയെ നിലമ്പൂർ ഡൻസാഫ് ടീമും കരുവാരക്കുണ്ട് പൊലീസും ചേർന്നുള്ള പരിശ്രമത്തിനൊടുവിലാണ് പിടികൂടാനായത്.
വൻതോതിൽ കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിനെ തുടർന്ന് കരുവാരക്കുണ്ട് പൊലീസ് ആഴ്ചകൾക്ക് മുമ്പ് മഷൂദിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. പ്രദേശത്തെ പ്രതിയുടെ മയക്ക് മരുന്ന് ഇടപാട് കരുവാരക്കുണ്ട് പൊലീസിനെ അറിയിക്കുന്നത് പൊലീസ് കാരൻ വിനയദാസാണ് എന്ന് സംശയിച്ചാണ് പ്രതി വീട്ടിലെത്തി ആക്രമണം നടത്തിയതും ഭീഷണിപ്പെടുത്തിയത്. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐപിഎസ് ന്റെ നിർദ്ദേശപ്രകാരം കരുവാരകുണ്ട് എസ്.എച്ച്.ഒ: സി.കെ. നാസർ, എസ്‌ഐ മനോജ് , പൊലീസ്‌കാരായ പ്രവീൺ, സനൂപ് , മനു മാത്യു , റിയാസ് ബാബു, അഫ്സൽ ബാബു ഡൻസാഫ് ടീമിലെ എസ്‌ഐ എം. അസ്സൈനാർ . എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആസിഫ് അലി, ടി.നിബിൻ ദാസ് , ജിയോ ജേക്കബ് . എന്നിവരാണ് കേസന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്