കലൂർ : കലൂർ സ്റ്റാന്റിലും പരിസരത്തും കൂലിപ്പണിക്കാർക്കും മറ്റും ചെറുകുപ്പികളിലാക്കി മദ്യം കച്ചവടം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശി എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിൽ. കലൂർ മണപ്പാട്ടി പറമ്പിൽ താമസിക്കുന്ന കോളാഞ്ചി മുത്തു (പാൽപാണ്ടി) (52) എന്ന തമിഴ് നാട് സ്വദേശിയാണ് എറണാകുളം റേഞ്ച് എക്‌സൈസ് പിടിയിലായത്.

വിവിധതരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളിൽ നിന്നായി 4 ലിറ്റർ മദ്യം പിടിച്ചെടുത്തു. രാവിലെ കൂലിപ്പണിക്ക് പോകുന്നവരെ ലക്ഷ്യം വച്ച് കൊണ്ട് 'സർബത്ത് ഷേക്ക്' എന്ന പേരിലാണ് ഇയാൾ മദ്യം കച്ചവടം നടത്തി വന്നിരുന്നത്. കലൂർ ജംഗ്ഷൻ പരിസരത്തിൽ ആളുകൾ വ്യാപകമായി മദ്യം കലർത്തിയ പാനീയം കുടിക്കുന്നുണ്ടെന്ന വിവരം എറണാകുളം റേഞ്ച് എക്‌സൈസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു.

ഇതേ തുടർന്ന് കലൂർ ജംഗ്ഷൻ പരിസരത്തിൽ നീരീക്ഷണം നടത്തിവന്ന ഷാഡോ സംഘം, കോളാഞ്ചി മുത്തുവാണ് മദ്യം കച്ചവടം നടത്തുന്നതെന്ന് മനസ്സിലാക്കിയിരുന്നു. എക്‌സൈസ് സംഘം പിൻതുടരുന്നത് കണ്ട് പന്തികേട് തോന്നിയ ഇയാൾ മദ്യം അടങ്ങിയ സഞ്ചി വലിച്ചെറിഞ്ഞ് കളഞ്ഞിട്ട് ഓട്ടോറിക്ഷയിൽ കയറി രക്ഷപെടുകയായിരുന്നു.

എക്‌സൈസ് സംഘം ഇയാളെ പിന്തുടർന്ന് പിടികൂടി. അസ്സി. ഇൻസ്‌പെക്ടർ കെ വി ബേബി, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസർ അജിത് കുമാർ എൻ.ജി, സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, സിറ്റി റേഞ്ചിലെ സിവിൽ എക്‌സൈസ് ഓഫീസർ ദിനോബ് എസ്, അഭിലാഷ് ടി എന്നിവർ ചേർന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.