കോഴിക്കോട്: സാമ്പത്തിക തട്ടിപ്പ് കേസിൽ കോടതിയിൽ നിന്നും ജാമ്യം നേടി മുങ്ങിയ പ്രതി പൊലീസ് പിടിയിൽ. മൂവാറ്റുപുഴ ഇരട്ടയാർ സ്വദേശിയ വട്ടമറ്റത്തിൽ ജോസഫ് വി സിയാണ് പുതിയ സാമ്പത്തിക തട്ടിപ്പിനായി തയ്യാറെടുക്കുന്നതിനിടെ പൊലീസ് പിടിയിലായത്. നടക്കാവ് പൊലീസ് ചാർജ് ചെയ്ത കേസിൽ ഉൾപ്പെട്ട പ്രതി കോടതിയിൽ നിന്നും ജാമ്യം എടുത്ത് മുങ്ങുകയായിരുന്നു. കോടതിയിൽ ഹാജരാകാത്തതിനാൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വർഷങ്ങളായി ബംഗ്‌ളൂരുവിലും മറ്റിടങ്ങളിലുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. 32 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തിട്ടുണ്ട്.

നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷ് പി കെയുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർമാരായ കൈലാസ് നാഥ് എസ് ബി, ശ്രീഹരി കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകാന്ത് എം വി, ഹരീഷ് കുമാർ സി, ലെനീഷ് പി എന്നിവർ ചേർന്നാണ് ബംഗളൂരുവിൽ നിന്ന് പ്രതിയെ തന്ത്രപരമായി കോഴിക്കോട്ടെത്തിച്ച് പിടികൂടിയത്.

കോഴിക്കോട് എത്തിയ പ്രതി മറ്റൊരാളുടെ സഹായത്തോടെ പ്രമുഖ ഹോട്ടലിൽ വ്യാജ വിലാസത്തിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു. എറണാകുളം നായരമ്പലം സ്വദേശി വില്ലി ജോസഫ് എന്നയാളെ കബളിപ്പിച്ചാണ് പ്രതി 32 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ബിസിനസ്സ് ആവശ്യത്തിന് 15 കോടി രൂപ നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാളിൽ നിന്ന് 32 ലക്ഷം രൂപ കൈപ്പറ്റിയത്. കേരളത്തിലെ പല ജില്ലകളിലും പ്രതി സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നു. പ്രതിയെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.