മലപ്പുറം: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിൽ കലിമൂത്ത് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. അടിച്ചത് കൈയിൽ കിട്ടിയ വടികൊണ്ട്. സംഭവം നടന്നത് എടക്കര പഞ്ചായത്തിലെ ഉപ്പട മലച്ചി പട്ടികവർഗ കോളനിയിലാണ്. അടിയേറ്റ ഭാര്യയും 26കാരിയുമായ രമണിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് മുണ്ടേരി അപ്പൻകാപ്പ് കോളനിയിലെ സുരേഷിനെ(33) പോത്തുകൽ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ സുരേഷ് ഭാര്യയുമായി വാക്കേറ്റത്തിലായി. വാക്കേറ്റത്തിനിടയിൽ ഇയാൾ രമണിയെ മർദിച്ചു. ഇതിനിടെ കൈയിൽ കിട്ടിയ വടികൊണ്ട് രമണിയെ അടിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണമായി കരുതുന്നത്. തലയുടെ പിറകിൽ മുറിവേറ്റ രമണി ചലനമറ്റന്ന് മനസിലാക്കിയ സുരേഷ് പ്രദേശത്തെ ഒരു റിട്ട. ഉദ്യോഗസ്ഥന്റെ അടുത്തെത്തി സംഭവം പറഞ്ഞു. ഇയാൾ വിവരം നൽകിയതനുസരിച്ച് രാത്രി 11 ഓടെ സ്ഥലത്തെത്തിയ പൊലിസ് സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

സ്‌പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്‌പി കെ.എം. ബിജു സ്ഥലത്തെത്തിയിരുന്നു. നിലമ്പൂർ ഡിവൈ.എസ്‌പി സാജു കെ. എബ്രഹാമിന്റെ സാന്നിധ്യത്തിൽ എടക്കര പൊലീസ് ഇൻസ്‌പെക്ടർ വി.എൻ. ഷൈജു മൃതദേഹം ഇൻക്വസ്റ്റ് ചെയ്തു. മലപ്പുറത്ത് നിന്നും ഫോറൻസിക് വിഭാഗം ഡോ. മിനി, വിരലടയാള വിദഗ്ധ റുബീന എന്നിവർ സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരിച്ച രമണിക്ക് മക്കളില്ല. പിതാവ്: മന്നി. മാതാവ്: ചീര. സഹോദരൻ: രതീഷ്. കേടതിയിൽ ഹാജരാക്കിയ സുരേഷിനെ റിമാന്റ് ചെയ്തു