മലപ്പുറം: കരിപ്പൂർ വിമാനത്തവളത്തിൽ അനധികൃതമായി കടത്തി കൊണ്ടു വന്ന സ്വർണം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കണ്ണൂർ സ്വദേശികൾ കൂടി പിടിയിലായി. അന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവൻ അർജുൻ ആയങ്കിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ഉൾപ്പെട്ട കണ്ണൂർ അഴീക്കൽ സ്വദേശി തൊണ്ടി പറമ്പിൽ സുഭാഷ് (34), അത്താഴകുന്ന് കക്കാട് സ്വദേശി ഫാത്തിമ മൻസിൽ മജീഫ് (29) എന്നിവരേയാണ് ഇന്നു വൈകീട്ടോടെ കണ്ണൂരിൽ നിന്നും പിടികൂടിയത്.

2021 ജൂലൈ 21നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടു ദിവസം മുൻപ് അർജുൻ ആയങ്കിയയും കാപ്പിരി പ്രണവിനേയും ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിലാണ് സംഘത്തിൽ ഉൾപ്പെട്ടവരെ കുറിച്ചുള്ള വിവരം ലഭിച്ചത്. സംഘത്തിൽ ഉൾപ്പെട്ട കണ്ണൂർ സ്വദേശി റമീസ് വാഹനാപകടത്തിൽ ഒരുവർഷം മുൻപ് മരണപ്പെട്ടിരുന്നു. രണ്ടു കാറുകളിലായി അഞ്ചംഗ കവർച്ചാ സംഘമാണ് അന്ന് വന്നിരുന്നത്.

ഇതിൽ പിടിയിലായ മജീഫ് 2015 ൽ ട്രയിനിൽ വച്ച് 15 ലക്ഷത്തോളം രൂപ കവർച്ച ചെയ്തതുൾപ്പെടെ ആറോളം കേസിലെ പ്രതിയാണ്. വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസുകൾ സുഭാഷിനും ഉണ്ട്. ഈ സംഭവുമായി ബന്ധപ്പെട്ട ണ് രാമനാട്ടുകരയിൽ നടന്ന വാഹനാപകടത്തിൽ അഞ്ച് പാലക്കാട് സ്വദേശികൾ മരണപ്പെട്ടത്. ഇതോടെ ഈ കേസിൽ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 78 ആയി.

35 ഓളം വാഹനങ്ങളും പിടിച്ചെടുത്തിരുന്നു. 20 ഓളം പ്രതികൾ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നു വരികയാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി അഷറഫ്, കരിപ്പൂർ ഇൻസ്പക്ടർ ഷിബു , കൊണ്ടോട്ടി എസ്‌ഐ നൗഫൽ എന്നിവരുടെ നേത്യത്വത്തിൽ കൊണ്ടോട്ടി ഡൻസാഫ് ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.

രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ സ്വർണകള്ളക്കടത്ത് കവർച്ചാകേസിലും നേരത്തെ അർജുൻ ആയങ്കിയെ പ്രതി ചേർത്തിരുന്നു. സംഭവത്തെ തുടർന്ന് മഞ്ചേരി സബ്ജയിലിൽ കഴിയുകയായിരുന്ന പ്രതി മഞ്ചേരി ജെ.സി.എം കോടതിയിൽനിന്നും കഴിഞ്ഞ ദദിവസം രണ്ടുദിവസത്തെ തെളിവെടുപ്പിനും ചോദ്യചെയ്യലിനുമായി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു.

ഇതിന് ശേഷം സംഭവങ്ങൾ വിവിധ സ്ഥലങ്ങളിൽപോയി തെളിവെടുപ്പ് നടത്തി. പ്രതിയുമായി രാമനാട്ടുകര സ്വർണക്കടത്ത് സംഘത്തിന്റെ വഹനാപകടം നടന്ന സ്ഥലത്തും കരിപ്പൂർ വിമാനത്തവളത്തിലും പരിസരത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. രാമനാട്ടുകരകേസിലേയും സ്വർണം കവർച്ചചെയ്യാൻ അർജുൻ ആയങ്കി പദ്ധതിയിട്ടിരുന്നതിന്റെ വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

അന്തർ സംസ്ഥാന സ്വർണ്ണക്കവർച്ചാ സംഘത്തലവനായ അർജുൻ ആയങ്കിയെപിടിക്കാൻ പ്രത്യേക അന്വേഷണ സംഘം ആറുദിവസത്തിനുള്ളിൽ സഞ്ചരിച്ചത് കേരളത്തിലെ ഒമ്പതു ജില്ലകളിലാണ്. ഇതിന് പുറമെ ഗുണ്ടപേട്ടയിലും സംഘമെത്തിയിരുന്നു. മലപ്പുറം ഇൻസ്പക്ടർ ജോബി തോമസും, പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സബീഷ്, ഷബീർ, സഹേഷ്, സാദിഖലി റഹ്മാൻ,ഹമീദലി എന്നിവരടങ്ങിയ സംഘമാണു ആയങ്കിയെ പിടിച്ചുകെട്ടിക്കൊണ്ടുവന്നത്. എല്ലാം പരമ രഹസ്യമായിരുന്നു.

കരിപ്പൂരിൽ കടത്തിക്കൊണ്ടുവരുന്ന സ്വർണം തട്ടിയെടുക്കുന്ന സംഘത്തിൽ അർജുൻ ആയങ്കി ഉൾപ്പെട്ട വിവരം ഒരുമാസം മുമ്പു തന്നെ പൊലീസിന് വ്യക്തമായിരുന്നു. എന്നാൽ മാധ്യമങ്ങളിൽനിന്നും ഇക്കാര്യം പരമ രഹസ്യമാക്കി വെച്ചു. വാർത്ത പുറത്തുവന്നാൽ പ്രതി കൂടുതൽ ജാഗരൂകനാകും. ഇതിന് പിന്നാലെയാണു മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസ് പ്രത്യേക അന്വേഷണ സംഘത്തെ ആയങ്കിയെ പിടിക്കാൻ നിയോഗിക്കുന്നത്.

എന്നാൽ ഇയാളെ പിടിക്കുകയെന്നതു അന്വേഷണ സംഘത്തിനും വലിയ വെല്ലുവളിയായി. പ്രതി തന്റെ ഫേസ്‌ബുക്ക് പേജിൽ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി സ്റ്റാറ്റസാക്കിയും മറ്റും താൻ ഇവിടങ്ങളിലുണ്ടെന്ന രീതിയിൽ മെസ്സേജുകൾ വെക്കും. എന്നാൽ ഇവിടെയൊന്നും പ്രതിയെ തട്ടിയാൽ പൊടിപോലും ലഭിക്കില്ലെന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി.

പിന്നീടാണ് കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് ആയങ്കിയെ പിടിച്ചെവരൂ എന്ന തീരുമാനത്തിൽ മലപ്പുറം ജില്ലാപൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മലപ്പുറം ഇൻസ്പക്ടർ ജോബി തോമസും സംഘവും ഇറങ്ങുന്നത്. തിരുവനന്തപുരം, കൊല്ലം, കാസർകോട് ജില്ലകളൊഴികെ മറ്റു ജില്ലകളിലെല്ലാം സംഘമെത്തി. പ്രതിയുമായി സൂചനയുള്ളവരെപോലും അന്വേഷിച്ചു കണ്ടെത്തി ചോദ്യംചെയ്തു. അതോടൊപ്പം അന്വേഷണം ഗുണ്ടൽപേട്ടയിലുമെത്തി. ഇയാൾ കൊച്ചി കേന്ദ്രമായി നിന്നാണ് സ്വർണക്കടത്തുകൾ നിയന്ത്രിച്ചിരുന്നത്.