മലപ്പുറം: മലപ്പുറം വഴിക്കടവിൽ മതം മാറി വിവാഹം കഴിച്ച ശേഷം ഭാര്യയുടെ സ്വർണവും പണവുമായി മുങ്ങിയ വിരുതൻ 15 വർഷത്തിന് ശേഷം പിടിയിൽ. 50 കാരനായ മുഹമ്മദ് സലീം എന്ന കണ്ണൻ കുഞ്ഞ് ജനിച്ചതോടെയാണ് ഒളിച്ചുകടന്നത്. മറ്റൊരു വിലാസത്തിൽ രണ്ടാം ഭാര്യയോടൊപ്പം കഴിയവേയാണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. വഴിക്കടവ് ഇൻസ്‌പെക്ടർ മനോജ് പറയറ്റയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2006ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

തമിഴ്‌നാട്, തേനി സ്വദേശിയായ കണ്ണൻ ജോലിക്കായി വരുകയും മതം മാറിയ ശേഷം വഴിക്കടവ് സ്വദേശിനിയെ വിവാഹം കഴിക്കുകയും ചെയ്യുകയായി രുന്നു. വഴിക്കടവ് സ്വദേശിനിയുടെ പരാതിയിൽ വഴിക്കടവ് പൊലീസ് കേസ് രജിസ്റ്റർ ചെയത് നിലമ്പൂർ കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ മഞ്ചേരി ജയിലേക്കു റിമാൻഡ് ചെയ്തിരുന്നു.

പ്രതി മഞ്ചേരി ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങി ഒളിവിൽ പോവുകയായിരുന്നു. നിലമ്പൂർ കോടതിയിൽ കേസിന് ഹാജരാകാതെ വന്നതോടു കൂടി പ്രതിയെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് നിലമ്പൂർ ഡി.വൈ. എസ്. പി. സാജു. കെ.എബ്രഹാമിന്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം നടത്തവെ ആണ് പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ മാരായ ടി.എസ് .സനീഷ് , തോമസ്. എച്ച് .പൊലീസുകാരായ കെ. നിജേഷ്, പ്രശാന്ത് കുമാർ. എസ്, ഫിറോസ്. ടി, എന്നിവരാണ് പ്രത്യേകഅന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.