മൂവാറ്റുപുഴ: സൗഹൃദം തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതിന്റെ വൈരാഗ്യത്തിൽ യുവതിയുടെ പൃഷ്ഠത്തിൽ കത്തി കുത്തിയിറക്കിയ പോക്സോ കേസ് പ്രതി അറസ്റ്റിൽ. മൂവാറ്റുപുഴ ആനിക്കാടാണ് സംഭവം. തൊടുപുഴ ചിറമറ്റം സ്വദേശിനി സുജാതയ്ക്കാണ് കുത്തേറ്റത്. നഗരത്തിനടുത്തുള്ള ഡി.ഇ.ഓ ഓഫീസിന് സമീപത്തെ വീട്ടിൽ വച്ചാണ് യുവതിക്ക് കുത്തേറ്റത്. തുടർന്ന് റോഡിലേക്ക് ഓടി വന്ന യുവതിയെ കണ്ട നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ അക്രമകാരിയായി കത്തിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി നിൽക്കുന്ന യുവാവിനെയാണ് കണ്ടത്.

കാർ യാത്രക്കാരൻ ഉടൻ വിവരം മൂവാറ്റുപുഴ പൊലീസിൽ അറയിച്ചു. പൊലീസ് എത്തി യുവതിയെ ആദ്യം മൂവാറ്റുപുഴ സർക്കാർ ആശുപത്രിയിലും ആഴത്തിലുള്ള മുറിവായതിനാൽ വിദഗ്ധ ചികത്സയ്ക്കായി യുവതിയെ കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി തങ്കമണി സ്വദേശി ചിന്താർ മണിയിൽ ബിനു തങ്കച്ചനെ(35)മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. ഇത് രണ്ടാംവട്ടമാണ് വിനു ഇവരെ ആക്രമിക്കാൻ എത്തുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇങ്ങനെ

തിരുമ്മൽ കേന്ദ്രത്തിലെ ജീവനക്കാരിയായിരുന്ന സുജാതയുമായി ബിനു നേരത്തെ സൗഹൃദത്തിലായിരുന്നു. അടുത്തിടെ പോക്സോ കേസിൽപ്പെട്ട് വിനു ജയിലിലായി. ജാമ്യത്തിൽ ഇറങ്ങിയ ബിനു സുജാതയെ തേടി ആനിക്കാട്ടെ വീട്ടിലെത്തി. എന്നാൽ കാര്യമായി സംസാരിക്കാനോ അടുപ്പംകാട്ടാനോ സുജാത തയ്യാറായില്ല. ബന്ധം തുടരുന്നതിനും താൽപര്യമില്ലെന്നറിയിച്ചു.

ഇതിന്റെ വൈരാഗ്യത്തിൽ മാസങ്ങൾക്ക് മുമ്പ് ബിനു വീട്ടിലെത്തി സുജാതയെ കൊല്ലാൻ ശ്രമിച്ചിരുന്നു. സുജാതയുടെ പരാതി പ്രകാരം അന്ന് മൂവാറ്റുപുഴ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.ഇയാൾ മറ്റ് നിരവധി കേസുകളിലും പ്രതിയാണ്. സംഭവം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോൾ ബിനു മുറിക്കുള്ളിൽ കയറി വാതിൽ അടച്ച് ഇരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴടക്കിയത്. കോടതിയിൽ ഹാജരാക്കി,റിമാന്റു ചെയ്തു.