അങ്കമാലി: അങ്കമാലിയിലും കുട്ടമശേരിയിലും കൊറിയർ സ്ഥാപനം വഴി രാസലഹരി കടത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. ആലങ്ങാട് തിരുവാലൂർ ഞാറ്റപ്പാടത്ത് പുത്തൻപുരയിൽ മുഹമ്മദ് അഫ്‌സൽ (25), നെടുമ്പാശേരി അത്താണി പെരിക്കാട്ടിൽ വിഷ്ണു (24) എന്നിവരെയാണ് അങ്കമാലി പൊലീസ് പിടികൂടിയത്. സംഭവത്തിൽ ചെങ്ങമനാട് നീലത്ത് പള്ളത്ത് വീട്ടിൽ അജ്മലിനെ പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു.

അങ്കമാലിയിലെ കൊറിയർ സ്ഥാപനത്തിൽ പാഴ്‌സലായ് വന്ന ഇരുനൂറു ഗ്രാം എം.ഡി.എം.എ കൈപ്പറ്റി പോകുന്ന വഴിയാണ് ഇയാൾ പിടിയിലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടമശേരി കൊറിയർ സ്ഥാപനം വഴി കടത്താൻ ശ്രമിച്ച 200 ഗ്രാം എം.ഡി.എം.എ കൂടി പിടികൂടിയത്. രണ്ടു സ്ഥലത്തേക്കും അയച്ചത് മുംബൈയ്ൽ നിന്നുമാണ്. ബ്‌ളുടൂത്ത് സ്പീക്കറിൽ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ അയച്ചിട്ടുള്ളത്.

അഫ്‌സലാണ് അജ്മലിനൊപ്പം മുംബൈയിൽ നിന്നും സാബിൾ പരിശോധിച്ച് മയക്കുമരുന്ന് വാങ്ങിയത്. വിഷ്ണുവാണ് എം.ഡി.എം.എ യുടെ പ്രാദേശിക വിൽപ്പനക്കാരൻ. ചെറിയ പാക്കറ്റുകളാക്കിയാണ് വിൽപ്പന. രണ്ടു പേരും നിരവധി കേസുകളിലെ പ്രതിയാണ്. മയക്കുമരുന്ന് കടത്ത് തടയാൻ ജില്ലാപൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യക ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായത് ആലുവ ഡി.വൈ.എസ്‌പി പി.കെ.ശിവൻകുട്ടി, നർക്കോട്ടിക് സെൽ ഡി.വൈ.എസ്‌പി പി.പി.ഷംസ്, അങ്കമാലി ഇൻസ്‌പെക്ടർ പി.എം.ബൈജു, തുടങ്ങിയവരും പൊലീസ് ടീമിലുണ്ടായിരുന്നു.