മലപ്പുറം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ തേടിയെത്തിയ 19 കാരി കൂട്ടബലാൽസംഗത്തിനിരയായി. പരപ്പനങ്ങാടിയിൽ പീഡനത്തിന് ഇരയായത് ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർത്ഥിനി. സംഭവത്തിൽ പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവർമാരായ താനൂർ പരിയാപുരം രണ്ടാം വാർഡിലെ പള്ളിക്കൽ പ്രജീഷ്, പരപ്പനങ്ങാടി കെട്ടുങ്ങൽ കടപ്പുറം ആലിക്കാനകത്ത് സഹീർ, ബാർബർ ജോലി ചെയ്യുന്ന പുത്തരിക്കൽ മുനീർ എന്നിവരെ പേരാമ്പ്ര പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഡിസംബർ 21 ബുധനാഴ്ച വൈകിട്ടാണ് യുവതി കാമുകനെ തേടി പരപ്പനങ്ങാടിയിലെത്തിയത്. ഭാര്യയും കുട്ടികളുമുള്ള കാമുകൻ കൈയൊഴിഞ്ഞതോടെ രക്ഷകരായി പ്രജീഷും മുനീറുമെത്തുകയായിരുന്നു. ആളൊഴിഞ്ഞ കെട്ടിടത്തിലെത്തിച്ച പെൺകുട്ടിയെ ഇരുവരും ക്രൂരമായി ബലാൽസംഗം ചെയ്യുകയുമായിരുന്നു. ശേഷം കെട്ടുങ്ങൽ സ്വദേശി സഹീറും പെൺകുട്ടിയെ മാനഭംഗപ്പെടുത്തി.

അവശയായ പെൺകുട്ടിയെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്നും മംഗലാപുരം ട്രെയിനിൽ കയറ്റി വിടുകയായിരുന്നു. ഒരാഴ്ച മുമ്പ് പേരാമ്പ്രയിൽ നിന്നും കാണാതായ പെൺകുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ പേരാമ്പ്ര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കാസർഗോഡ് നിന്നും കണ്ടെത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് പരപ്പനങ്ങാടിയിലെത്തി പരപ്പനങ്ങാടി പൊലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള പ്രജീഷ് രാത്രി കാലങ്ങളിൽ പരപ്പനങ്ങാടി റയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് ഓട്ടോ ഓടിക്കവേ രണ്ട് വർഷം മുമ്പ് ടൂറിസ്റ്റ് ബസ്സിൽ നിന്നും താഴെ വീണ കുട്ടിയെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ താരമായ ആളുമാണ്.