പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലെ ബീവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയെ നാല് ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്ത് പെരിന്തൽമണ്ണ പൊലീസ്. യു.പി ചിൽക്കാന ഷഹരൻപൂർ സ്വദേശി ഷഹജാദിനെയാണ് (24) പിടികൂടിയത്. 22ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

രാത്രി 10ന് ഔട്ട്‌ലെറ്റ് അടച്ച് ജീവനക്കാർ പോയിരുന്നു. പ്രതി പുലർച്ചെ മൂന്നോടെയാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്തു കയറിയത്. 22ലെ കളക്ഷൻ ആയ 25 ലക്ഷത്തോളം രൂപ ചെസ്റ്റിൽ സൂക്ഷിച്ചിരുന്നു. കാഷ് കൗണ്ടറിലെ വലിപ്പുകൾ തുറന്ന പ്രതി ചെസ്റ്റ് പൊളിക്കാൻ നോക്കിയെങ്കിലും നടന്നില്ല. തുടർന്ന് മദ്യക്കുപ്പികൾ മോഷ്ടിക്കുകയായിരുന്നു.

കോതമംഗലം സ്റ്റേഷൻ പരിധിയിൽ 2021ൽ എ.ടി.എം കുത്തിപ്പൊളിച്ചതിനും വ്യാപാരസ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം നടത്തിയതിനും പ്രതിക്കെതിരെ കേസുകളുണ്ട്. മുവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ സമാന കേസുകളുണ്ട്. പ്രതി ഈ വർഷം ആദ്യമാണ് ജയിലിൽ നിന്നിറങ്ങിയത്. പ്രതിയെ പെരിന്തൽമണ്ണ പൊലീസ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ സിഐ അലവി, എസ്‌ഐ യാസിർ, എസ്.സി.പി.ഒമാരായ കെ.എസ്. ഉല്ലാസ് , ജയേഷ്, മിഥുൻ, ഷജീർ, നികിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.