മലപ്പുറം: സ്വർണ്ണ കള്ളക്കടത്തിന്റെ പേരിൽ കാസർകോട് സ്വദേശിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. കുറ്റിപ്പുറത്ത് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് പണവും രേഖകളും തട്ടിയെടുത്ത പൊന്നാനി സ്വദേശികളായ അഞ്ചംഗ സംഘത്തിലെ ഒരാളാണ് അറസ്റ്റിലായത്. പൊന്നാനി കടവനാട് സ്വദേശിയായ പൊള്ളക്കായ്ന്റകത്ത് സമീറിനെ കുറ്റിപ്പുറം പൊലീസാണ് പിടികൂടിയത്. കേസിൽ മറ്റ് നാല് പേർക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.

ഗൾഫിൽ നിന്നും കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ കാഞ്ഞങ്ങാട് സ്വദേശി 38കാരനായ മുസമ്മിലിനെ കഴിഞ്ഞ 19നാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ക്രൂരമായി മർദ്ദിച്ച് നഗ്‌ന വീഡിയോ പകർത്തിയും, ഭീഷണിപ്പെടുത്തിയും 25000 രൂപയും 500 യു.എ.ഇ ദിർഹവും രേഖകളും കവർന്ന ശേഷം മുസമ്മിലിനെ വിട്ടയക്കുകയായിരുന്നു.

മുസമ്മിൽ കൊണ്ടുവന്ന സ്വർണം വിമാനത്താവളത്തിൽ കരിപ്പൂർ പൊലീസ് പിടികൂടിയിരുന്നു. കൊടുത്തയച്ചതിനേക്കാൾ കുറഞ്ഞ സ്വർണ്ണമാണ് പൊലീസ് പിടികൂടിയത് എന്നതിനാൽ സ്വർണ്ണത്തിലെ ഒരു ഭാഗം മുസമ്മിൽ തട്ടിയെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തട്ടിക്കൊണ്ടുപോയത്. മുസമ്മിലിനെ തന്ത്രപരമായി കുറ്റിപ്പുറത്ത് എത്തിച്ച ശേഷം ആഡംബര കാറിൽ തട്ടിക്കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് പണവും മറ്റും തട്ടിയെടുത്ത ശേഷം വിട്ടയച്ചു. ഇയാൾ കാഞ്ഞങ്ങാട് ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും പൊലീസിൽ പരാതി നൽകിയില്ല. എന്നാൽ കള്ളക്കടത്ത് സംഘം ഭീഷണി തുടർന്നതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് കുറ്റിപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചത്.

പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മുസമ്മിലിനൊപ്പമുണ്ടായിരുന്ന നാലു പേർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. തിരൂർ ഡി.വൈ.എസ്‌പി വി.വി ബെന്നിയുടെ മേൽനോട്ടത്തിൽ എസ്‌ഐമാരായ ഷാഹുൽ, ഷമീൽ, മധു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിജീഷ്, വിമോഷ്, അലക്‌സ്, തിരൂർ ഡാൻസാഫ് സ്‌ക്വാഡ് അംഗം സുമേഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്. വിദേശത്തുനിന്നും പ്രതികൾക്ക് ആവശ്യമായ സഹായം ചെയ്തവരെയുൾപ്പടെ കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു.