- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിമുട്ട കള്ളന്മാർ പിടിയിൽ; മോഷ്ടിച്ചത് ഗുഡ്‌സ് ഓട്ടോയും തമിഴ് നാട്ടിൽ നിന്ന് മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന 15000 ത്തോളം കോഴി മുട്ടകളും; സംഭവം കോഴിക്കോട്ട്
കോഴിക്കോട്: തമിഴ്‌നാട്ടിൽ നിന്നും ഗുഡ്‌സ് ഓട്ടോയിൽ മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന എഴുപത്തയ്യായിരം രൂപ വിലവരുന്ന പതിനയ്യായിരത്തോളം കോഴി മുട്ടകളും ഗുഡ്‌സ് ഓട്ടോയും കളവ് ചെയ്ത കേസിലെ പ്രതികൾ പൊലീസ് പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ പീറ്റർ സൈമൺ എന്ന സനു, കോഴിക്കോട് മങ്ങോട്ട് വയൽ ഇല്ലത്ത് കിഴക്കയിൽ മീത്തൽ അർജുൻ കെ വി എന്നിവരെയാണ് നടക്കാവ് ഇൻസ്‌പെക്ടർ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
രാവിലെ പുലർച്ചെ മാർക്കറ്റിലെത്തിക്കേണ്ട കോഴിമുട്ടകളുമായി അർദ്ധരാത്രിയിൽ കോഴിക്കോട് നഗരത്തിലെത്തിയതായിരുന്നു ഗുഡ്‌സ് ഓട്ടോ. വണ്ടി വെസ്റ്റ്ഹിൽ ഭാഗത്ത് റോഡരികിൽ നിർത്തി ഡ്രൈവർ കുറച്ചപ്പുറം വിശ്രമിക്കവെയാണ് പ്രതികൾ വണ്ടിയും കോഴി മുട്ടകളും കവർന്നത്. മറ്റൊരു ഓട്ടോയിലെത്തിയ പ്രതികൾ മുട്ടകൾ ഗുഡ്‌സ് ഓട്ടോകൾ സഹിതം കടത്തിക്കൊണ്ടുപോവുകയായിരുന്നു.
വണ്ടി വിജനമായ സ്ഥലത്തുകൊണ്ടുപോയിട്ട് മുട്ടകൾ പല സമയങ്ങളിലായി പാസഞ്ചർ ഓട്ടോയിൽ കയറ്റി നഗരത്തിലെ വലിയ സൂപ്പർ മാർക്കറ്റുകളിലും മാളുകളിലുമെല്ലാം ചുരുങ്ങിയ വിലയ്ക്ക് വിൽക്കുകയായിരുന്നു. മൊബൈൽ ഫോണും മറ്റും ഉപയോഗിക്കാതെ ആസൂത്രിതമായി കളവ് നടത്തിയ പ്രതികളെ സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലൂടെയാണ് പിടികൂടിയത്.
കളവ് ചെയ്ത ഗുഡ്‌സ് ഓട്ടോറിക്ഷയും കണ്ടെടുത്തു. പ്രതിയായ പീറ്റർ സൈമൺ മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. നടക്കാവ് സബ് ഇൻസ്‌പെക്ടർമാരായ കൈലാസ് നാഥ് എസ് ബി, കിരൺ ശശിധർ, സിവിൽ പൊലീസ് ഓഫീസർമാരായ എം വി ശ്രീകാന്ത്, രാമകൃഷ്ണൻ കെ എ, എം കെ സജീവൻ, ഹരീഷ് കുമാർ സി, ലെനീഷ് പി എം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കെ വി നിരഞ്ജന് മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.