മലപ്പുറം: മലപ്പുറം കാളികാവ് മൂച്ചിക്കലിൽ ഉറങ്ങിക്കിടന്ന യുവതിയുടേയും കുഞ്ഞിന്റേയും പാദസരങ്ങളും കഴുത്തിലെ മാലയും മോഷണം പോയി. മോഷണം നടന്നത് ജനലിന്റെ കൊളുത്ത് പൊട്ടിച്ച ശേഷം അതിവിദഗ്ധമായി. ഇന്ന് പുലർച്ചെയാണ് കാളികാവ് മൂച്ചിക്കലിലെ പുല്ലാഞ്ചേരി ഹസ്സൻ മുസ്ലിയാരുടെ വീട്ടിൽ മോഷണം നടന്നത്.

മോഷ്ടാവ് രക്ഷപ്പെട്ടത് വീടിന്റെ പരിസരത്ത് മുളക് പൊടി വിതറിയ ശേഷമാണ്. ഹസ്സൻ മുസ്ല്യാരുടെ മരുമകൾ ഇർഫാനയുടെ കാലിലെ ഒരു പാദസരവും കൂടെ കിടന്നിരുന്ന കുട്ടിയുടെ രണ്ടു പാദസരങ്ങളും കഴുത്തിലെ മാലയുമാണ് മോഷണം പോയത്. ജനലരികിലെ കട്ടിലിലാണ് ഇവർ കിടന്നിരുന്നത്. ഒരു ജനലിന്റെ കൊളുത്ത് തകരാറിലായിരുന്നതിനാൽ തുണിയുപയോഗിച്ച് കെട്ടിവെച്ചിരുന്നു. ഇത് വഴി സമീപത്തെ ജനലിന്റെ കൊളുത്ത് പൊട്ടിച്ചാണ് കവർച്ച നടത്തിയിട്ടുള്ളത്.

ഉറങ്ങുന്നവർ അറിയാതെ അതിവിദഗ്ധമായാണ് ആഭരണങ്ങൾ കവർന്നിരിക്കുന്നത്. രാത്രി 12മണിയോടെയാണ് ഇവർ മുറിയിൽ ഉറങ്ങാൻ കിടന്നത്. മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ചെരുപ്പ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കവർച്ച നടന്ന മുറിയുടെ പരിസരത്ത് മുളക് പൊടി വിതറിയിട്ടുമുണ്ട്. ഇർഫാനയുടെ വലതുകാലിലെ പാദസരമാണ് പൊട്ടിച്ചെടുത്തിരിക്കുന്നത്.പ്രദേശത്ത് മോഷണ ശ്രമങ്ങൾ പതിവാണെന്ന് പരാതിയുണ്ട്. കാളികാവ് പൊലീസ് അന്വേഷണമാരംഭിച്ചു. പ്രദേശത്തുള്ള സി.സി.ടി.വികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

അതേ സമയം കാലിക്കറ്റ് സർവകലാശാല ജീവനക്കാരുടെ ക്വാർട്ടേഴ്‌സിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ ഇന്നലെ ഒരാൾ അറസ്റ്റിലായിരുന്നു. കാലിക്കറ്റ് സർവകലാശാലക്കടുത്ത് വാടകക്ക് താമസിക്കുന്ന അഴിഞ്ഞിലം മുല്ലൻപറമ്പത്ത് വീട്ടിൽ സൂരജിനെയാണ് (23) തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. തേഞ്ഞിപ്പലം വില്ലൂന്നിയാൽ ഭാഗത്തെ സർവകലാശാല ക്വാർട്ടേഴ്‌സിൽ നിന്ന് കഴിഞ്ഞ ഞായറാഴ്‌ച്ച രാത്രിയിൽ ജീവനക്കാരുടെ ആറ് മൊബൈൽ ഫോണുകളാണ് മോഷണം പോയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സൂരജ് പിടിയിലായത്. കൂട്ടുപ്രതികളുണ്ടെന്നാണ് സൂചനയെന്നും ഫറോക്ക്, വാഴക്കാട് പൊലീസിൽ ഇയാൾക്കെതിരെ വധശ്രമം, പോസ്‌കോ തുടങ്ങിയ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.