കോതമംഗലം: സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് കാറിൽ കയറ്റിക്കൊണ്ടുപോയി വിരമിച്ച അദ്ധ്യാപകൻ ലൈംഗിക അതിക്രമം നടത്തിയതായി പരാതി.

നേര്യമംഗലം സ്വദേശിനിയാണ് ഇവിടുത്തുകാരനായ വിരമിച്ച അദ്ധ്യാപകൻ കെ എം അലിയാരിനെതിരെ ഊന്നുകൽ പൊലീസിൽ മൊഴി നൽകിയിട്ടുള്ളത്. ഊന്നുകൽ പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത്, തുടർനടപടികൾക്കായി തൊടുപുഴ പൊലീസിന് കൈമാറി.

കാർ യാത്രയ്ക്കിടെ തൊടുപുഴ ഭാഗത്തുകൂടെ കടന്നുപോരുമ്പോൾ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതി മൊഴി നൽകിയിട്ടുള്ളത്.പെൺകുട്ടിക്ക് ഉയർന്ന ശമ്പളത്തിൽ തൊടുപുഴയിലെ ആശുപത്രിയിൽ ജോലി വാങ്ങി നൽകാമെന്ന് അലിയാർ വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

ഇതിനുശേഷം കാറുമായെത്തി പെൺകുട്ടിയെയും കയറ്റി പൈങ്ങോട്ടൂർ വഴി തൊടുപുഴയിൽ എത്തിയെന്നും തിരിച്ചുവരും വഴി അതിക്രമം നടത്തിയെന്നുമാണ് യുവതിയുടെ മൊഴി. വീടിനടുത്തുള്ള ആളായതിനാൽ വീട്ടുകാർക്ക് സംശങ്ങളൊന്നും ഉണ്ടായിരുന്നില്ലന്നും അതിനാലാണ് ഒറ്റയ്ക്ക് അദ്ധ്യാപകന്റെ കാറിൽ യാത്ര ചെയ്യാൻ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി. കാറുമായെത്തി പെൺകുട്ടിയെയും കയറ്റി പൈങ്ങോട്ടൂർ വഴി തൊടുപുഴയിൽ എത്തിയെന്നും തിരിച്ചുവരും വഴി അതിക്രമം നടത്തിയെന്നുമാണ് യുവതിയുടെ മൊഴി.