- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ മീൻ മാർക്കറ്റിങ്ങിന്റെ മറവിൽ രാസലഹരി വിൽപ്പന; ഒടുവിൽ 'ചൂണ്ട സുനി' എക്‌സൈസിന്റെ ചൂണ്ടയിൽ; 2.210 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു
കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യാപാര സ്ഥാപനങ്ങളിൽ ഓൺലൈൻ ഓർഡർ അനുസരിച്ച് മത്സ്യങ്ങൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ മയക്ക് മരുന്ന് വിൽപ്പന നടത്തി വന്ന യുവാവ് എക്‌സൈസിന്റെ പിടിയിൽ. കണയന്നൂർ താലൂക്ക്, നടമ വില്ലേജിൽ, ചമ്പക്കര പെരിക്കാട് ദേശത്ത്, മാപ്പുംഞ്ചേരി വീട്ടിൽ മിലൻ ജോസഫ് (29/2023) ആണ് എറണാകുളം ടൗൺ നോർത്ത് എക്‌സൈസിന്റെ പിടിയിലായത്. ഉപഭോക്താക്കളുടെ ഇടയിൽ ഇയാൾ 'ചൂണ്ട സുനി ' എന്നാണ് അറിയപ്പെട്ടിരുന്നത്.
വിൽപ്പനക്കായി ചെറുപൊതികളിൽ സൂക്ഷിച്ചിരുന്ന 2.210 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽ നിന്ന് പിടിച്ചെടുത്തു. കൊച്ചിയിൽ നിന്ന് ബൈക്ക് റൈഡിങ് എന്ന വ്യാജേന ബാംഗ്ലൂരിൽ പോയി അവിടെ നിന്ന് വൻതോതിൽ രാസലഹരി കടത്തികൊണ്ട് വന്ന് എറണാകുളം ടൗൺ പരിസരങ്ങളിൽ വിൽപ്പന നടത്തി വരുകയായിരുന്നു.
ഇടനിലക്കാർ ഇല്ലാതെ, ബാംഗ്ലൂരിൽ നിന്ന് നേരിട്ട് എത്തിക്കുന്ന' യെല്ലോ മെത്ത് ' എന്ന പേരിൽ ഗ്രാമിന് 4000 മുതൽ 6000 രൂപ വരെയുള്ള നിരക്കിലായിരുന്നു ഇയാൾ രാസലഹരി വിറ്റഴിച്ചിരുന്നത്. മൽസ്യവിൽപ്പന രംഗത്തേക്ക് കൂടുതൽ ആളുകൾ കടന്നു വന്നതിനാൽ ഈ മേഖലയിൽ കച്ചവടം കുറഞ്ഞപ്പോഴാണ് ഇയാൾ മയക്ക് മരുന്ന് വിൽപ്പനയിലേക്ക് തിരിഞ്ഞത് എന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
ഇടപ്പള്ളി - കൂനംതൈ ഭാഗങ്ങളിൽ മൽസ്യങ്ങൾ എത്തിച്ച് നൽകുന്നതിന്റെ മറവിൽ യുവതി-യുവാക്കൾക്കിടയിൽ ഒരാൾ വൈകുന്നേരം സമയങ്ങളിൽ രാസലഹരി വിൽപ്പന നടത്തുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണർ ബി.ടെനിമോന്റെ മേൽനോട്ടത്തിലുള്ള സംഘം ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുകയായിരുന്നു.
ഇടപ്പള്ളി ഓവർ ബ്രിഡ്ജിന് പടിഞ്ഞാറ് വശം മയക്ക് മരുന്ന് കൈമാറുന്നതിന് ആവശ്യക്കാരെ കാത്തു നിൽക്കുകയായിരുന്ന ഇയാളെ എക്‌സൈസ് സംഘം വളയുകയായിരുന്നു. പിടിയിലാക്കുമെന്ന് മനസ്സിലായപ്പോൾ മയക്കുമരുന്ന് അടങ്ങിയ പാക്കറ്റുകൾ ഇയാൾ വിഴുങ്ങി കളയാൻ ശ്രമിച്ചുവെങ്കിലും എക്‌സൈസ് സംഘത്തിന്റെ സംയോജിതമായ ഇടപെടൽ മൂലം വിജയിച്ചില്ല.
ഇത്തരത്തിലുള്ള രാസലഹരി അരഗ്രാമിൽ കൂടുതൽ കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണ്. ബാംഗ്ലൂരിൽ നിന്ന് ഇയാൾ മയക്ക് മരുന്ന് വാങ്ങിയ ആളുകളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുള്ളതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുന്നതാണെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.
സർക്കിൾ ഇൻസ്‌പെക്ടർ പ്രിൻസ് ബാബു, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർമാരായ എൻ.ജി.അജിത്ത് കുമാർ, വിബിൻ ബാബു, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ.ഡി. ടോമി, സിഇഒ ബിബിൻ ബോസ്, ദീപു തോമസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ പിന്നീട് റിമാന്റ് ചെയ്തു. മയക്ക് മരുന്ന് മാഫിയക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും എൻഫോഴ്‌സ്‌മെന്റ് അസ്സി. കമ്മീഷണർ അറിയിച്ചു.
മറുനാടന് മലയാളി ലേഖകന്.