തൊടുപുഴ: രണ്ട് ക്ഷേത്രങ്ങളിൽ ഒരു മാസത്തിനിടെ രണ്ടാം തവണയും പട്ടാപ്പകൽ മോഷണം. ഇതിന് പിന്നിൽ 13 കാരനെന്ന് സൂചന. പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

ആനക്കൂട് മുല്ലയ്ക്കൽ ധർമ്മ ശാസ്താ ക്ഷേത്രം, വെങ്ങല്ലൂർ നടയിൽക്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പട്ടാപ്പകൽ നടന്ന കവർച്ചയ്ക്ക് പിന്നിൽ 13കാരൻ ആണെന്ന് പൊലീസും ക്ഷേത്ര ഭാരവാഹികളും സ്ഥിരീകരിച്ചു. ഇതിന് മുമ്പും ഇതേ ക്ഷേത്രങ്ങളിൽ ഈ കുട്ടിക്കള്ളൻ കയറിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മുല്ലയ്ക്കൽ ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് ഓഫീസിനുള്ളിൽ കയറി താക്കോൽ എടുത്ത് കാണിക്കവഞ്ചി തുറന്ന് പണം അപഹരിക്കുകയായിരുന്നു.

വെങ്ങല്ലൂർ നടയിൽക്കാട് ക്ഷേത്രത്തിൽ കയറി കാണിക്കവഞ്ചി അടിച്ച് തകർക്കാൻ ശ്രമിച്ചെങ്കിലും കവർച്ച നടത്താനായില്ല. ഇന്നലെ ഉച്ചയോടെയാണ് രണ്ട് ക്ഷേത്രങ്ങളിലും മോഷണവും കവർച്ച ശ്രമവും നടന്നത്. ഉച്ചയോടെ നഗരത്തിൽ ശക്തമായ മഴ കിട്ടിയിരുന്നു. ഈ സമയമാണ് ചുമന്ന തൊപ്പിയും തോളിലിടുന്ന ചെറിയ ബാഗും ധരിച്ച പ്രതി ക്ഷേത്രങ്ങൾക്ക് ഉള്ളിൽ കയറിയത്. നടയിൽക്കാവിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ പ്രതിയുടെ വ്യക്തമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

ഒരു മാസം മുമ്പും ഈ രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടന്നിരുന്നു. അന്ന് എത്തിയ മോഷ്ടാവ് തന്നെയാണ് വീണ്ടും എത്തിയതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമായതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. നേരത്തെ മോഷണം നടന്നപ്പോൾ സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിന് പരാതി നൽകിയിട്ടും മോഷ്ടാവിനെ പിടികൂടിയിരുന്നില്ലെന്നും പരാതി ഉയർന്നിരുന്നു

ഇതേ മോഷ്ടാവ് തന്നെയാണ് ഒരു മാസം മുമ്പ് ഉടുമ്പന്നൂരിൽ നിന്ന് സൈക്കിൾ മോഷ്ടിച്ചു കടത്തിയതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്തു. സി ഐ വി സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ ക്ഷേത്രങ്ങളിൽ എത്തി തെളിവുകൾ ശേഖരിച്ചു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു.13 വയസാണ് പ്രതിയുടെ പ്രായമെന്നും പേരും മറ്റ് വിവരങ്ങളും ലഭിച്ചതായും
പൊലീസ് അറിയിച്ചു.