- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോൾ പമ്പ് ജീവനക്കാരിയുടെ മാല കവർന്ന പ്രതി പിടിയിൽ; കോഴിക്കോട് പിടിയിലായത് കുറ്റിച്ചിറ സ്വദേശി
കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെട്രോൾ പമ്പ് ജീവനക്കാരിയുടെ മാല കവർന്ന പ്രതി പിടിയിൽ. കുറ്റിച്ചിറ സ്വദേശിയും ഇപ്പോൾ ഒടുമ്പ്രയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഫൈജാസ്(38)നെയാണ് ഡിസിപി ബൈജുവിന്റെ നേതൃത്വത്തിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പൊലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ എട്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം.
കൊളായിത്താഴത്ത് വെച്ച് ബൈക്കിലെത്തിയ പ്രതി പെട്രോൾ പമ്പ് ജീവനക്കാരിയുടെ മാല പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതി മാല പൊട്ടിക്കാൻ ചുറ്റിക്കറങ്ങുന്നതിനിടയിലാണ് കൊളായിത്താഴം പെട്രോൾ പമ്പിനടുത്ത് വെച്ച് സ്ത്രീ നടന്നുവരുന്നത് കണ്ടത്. തുടർന്ന് വണ്ടി പമ്പിലേക്ക് കയറ്റി. സ്ത്രീ ഇടറോഡിലേക്ക് കയറിപ്പോകുന്നത് കണ്ട് തന്ത്രപൂർവം പിന്തുടർന്ന് വിദഗ്ധമായി മാല പൊട്ടിച്ചെടുക്കുകയായിരുന്നു. സ്ത്രീ ബഹളം വെച്ചെങ്കിലും ഇയാൾ വളരെ വേഗത്തിൽ വണ്ടിയോടിച്ച് കടന്നുകളഞ്ഞു. കുറച്ചു ദൂരം പിന്നിട്ട ഇയാൾ ബൈക്കിന്റെ നമ്പർ മാറ്റിയാണ് പിന്നീട് സഞ്ചരിച്ചത്.
നൂറോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പിടികൂടിയത്. സ്ത്രീ ജോലി ചെയ്ത പെട്രോൾ പമ്പിലെ സിസി ടിവിയിൽ നിന്ന് ലഭിച്ച ചിത്രം പത്രത്തിലൂടെ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ആരും തിരിച്ചറിയാത്തതിനാലാണ് കൂടുതൽ സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കേണ്ടി വന്നത്. ഈ സംഭവത്തിന് ശേഷവും പ്രതി പലയിടങ്ങളിലും മാല പൊട്ടിക്കാൻ പോയതായി വിവരം ലഭിച്ചിട്ടുണ്ട്.
പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് വട്ടക്കിണറുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച മോഷണ മുതൽ പൊലീസ് കണ്ടെടുത്തു. കൃത്യത്തിന് ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയുടെ വീട്ടിലും ധനകാര്യ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചികിത്സയ്ക്ക് വേണ്ടി വന്ന സാമ്പത്തിക ബാധ്യതയാണ് കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ഫൈജാസ് പൊലീസിനോട് പറഞ്ഞു. കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.