തൊടുപുഴ: കരിമണ്ണൂരിൽ എടിഎം കൗണ്ടർ കുത്തിപ്പൊളിച്ച് കവർച്ച നടത്താൻ ശ്രമിച്ച മൂന്ന് അസം സ്വദേശികൾ കാഞ്ഞങ്ങാട് നിന്ന് പിടിയിൽ. അസം നാഗോൺ ജില്ലയിൽ സിംലയ്പത്താർ സ്വദേശികളായ ജിന്നറ്റ് അലി, തുമിറുൾ ഇസ്ലാം, അസീസുൾ ഹഖ് എന്നിവരാണ് പിടിയിലായത്. കരിമണ്ണൂർ മേഖലയിൽ ജോലിക്കെത്തിയവരാണ് ഇവർ.

കാഞ്ഞങ്ങാട് നിന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ സഹായത്തോടെയാണ് കരിമണ്ണൂർ പൊലീസ് ഇവരെ പിടികൂടിയത്. പൊലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാഞ്ഞങ്ങാട് തമ്പടിച്ച് ജോലി അന്വേഷിച്ച് വരവെയാണ് പ്രതികളെ കരിമണ്ണൂർ എസ്എച്ച്ഒ കെ.ജെ. ജോബി, എസ്സിപിഒ സുനിൽകുമാർ, സിപിഒമാരായ ടി.എ. ഷാഹിദ്, അജീഷ് തങ്കപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കരിമണ്ണൂർ ടൗണിൽ പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കഴിഞ്ഞ 11ന് പുലർച്ചെ കവർച്ചാ ശ്രമം നടന്നത്. ആയുധങ്ങൾ ഉപയോഗിച്ച് എടിഎം കുത്തിപ്പൊളിച്ചെങ്കിലും ഉള്ളിലുണ്ടായിരുന്ന പണം മോഷ്ടാക്കൾക്ക് കൈക്കലാക്കാൻ കഴിഞ്ഞില്ല.

പ്രതികളുടെ ദൃശ്യം എടിഎമ്മിലെ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതുപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. കവർച്ച നടത്താൻ പ്രതികൾ മുഖം മറച്ചെത്തിയതിനാൽ ഏറെ ശ്രമകരമായാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഇൻസ്‌പെക്ടർ ബിനോയ് ആന്റണിയും ഉദ്യോഗസ്ഥരും പ്രതികളെ പിടികൂടാൻ ആവശ്യമായ സഹായങ്ങൾ നൽകി. കാഞ്ഞങ്ങാട് നിന്ന് പ്രതികളുമായി പൊലീസ് സംഘം തിരിച്ചു. ഇന്ന് രാവിലെ കരിമണ്ണൂരിലെത്തിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും നടത്തുമെന്ന് പൊലീസ് പറഞ്ഞു.