കട്ടപ്പന: ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണ്ണ ഉരുപ്പടികൾ നിർമ്മിച്ച് നൽകുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം ആറായി. കേസിലെ പ്രധാന പ്രതികളായ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തൻവീട്ടിൽ കുട്ടപ്പൻ ഗോപാലൻ(60), കോതമംഗലം ചേലാട് കരിങ്ങഴ വെട്ടുപറമ്പിൽ റെജി മണി(51)എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.

കുട്ടപ്പനാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നും ഇയാളാണ് തട്ടിപ്പുസംഘത്തിന് മുക്കുപണ്ടം എത്തിച്ചു നൽകിയിരുന്നതെന്നും പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ സംസ്ഥാനത്ത് വിവിധ പൊലീസ് സ്റ്റേഷനുകളിൽ മുക്കുപണ്ടം പണയംവച്ച് തട്ടിപ്പ് നടത്തിയ കേസുകളുണ്ടെന്നും കുട്ടപ്പനെതിരെ വാഹന മോഷണക്കേസും ഉണ്ടെന്നും പൊലീസ് വിശദമാക്കി.

ഈ കേസിൽ നേരത്തെ കാഞ്ചിയാർ പാലാക്കട പുത്തൻപുരയ്ക്കൽ റൊമാറിയോ ടോണി(29), മുളകരമേട് പാന്തേഴാത്ത് ശ്യാംകുമാർ(33), പേഴുംകവല സ്വദേശി പ്രസീദ് ബാലകൃഷ്ണൻ(38), അണക്കര ചെല്ലാർകോവിൽ ഒന്നാംമൈൽ അരുവിക്കുഴി സിജിൻ മാത്യു(30) എന്നിവർ പിടിയിലായിരുന്നു.

ഇവർ വർഷങ്ങളായി ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണാഭരണങ്ങൾ നിർമ്മിച്ച് കട്ടപ്പന, കുമളി, അണക്കര, തമിഴ്‌നാട്ടിലെ കമ്പം എന്നീ സ്ഥലങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളിൽ പണയം വച്ച് പ്രതികൾ തട്ടിപ്പ് നടത്തിവരികയായിരുന്നു. 20- ഓളം ധനകാര്യ സ്ഥാപനങ്ങളിൽ പണയം വെച്ച് കാൽ കോടിയോളം രൂപയാണ് ഇവർ തട്ടിയെടുത്തതായിട്ടാണ് പൊലീസ് കണ്ടെത്തൽ.

കട്ടപ്പന ഡിവൈഎസ്‌പി വി.എ. നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്. രഹസ്യവിവരത്തെ തുടർന്ന് പീരുമേട് എസ്എച്ച്ഒ സുമേഷ് സുധാകരൻ, സിപിഒ അങ്കു കൃഷ്ണൻ എന്നിവരുടെ സഹായത്തോടുകൂടിയാണ് പ്രതികളെ പിടികൂടിയത്.

അന്വേഷണ സംഘത്തിൽ കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസൺ, എസ്‌ഐമാരായ സജിമോൻ ജോസഫ്, ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ ഇ.എഫ്, ലിജോ, അനീഷ് വി.കെ. എന്നിവരാണ് ഉണ്ടായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.