മലപ്പുറം: 26 ഗ്രാം എം.ഡി.എം.എയുമായ ബിരുദ വിദ്യാർത്ഥി വണ്ടൂരിൽ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ട്രെയിൻ മാർഗ്ഗം വിൽപ്പനക്കായി കൊണ്ടുവരുന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിൽപ്പെട്ട പുല്ലങ്കോട് സ്വദേശി ചൂരപിലാൻ മുഹമ്മദ് നിഹാലിനെ(23)യാണ് വണ്ടൂർ എസ്‌ഐ ടി.പി മുസ്തഫയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇന്നലെ ഉച്ചയ്ക്കു ഒന്നോടെ വാണിയമ്പലം റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. ബെംഗളൂരുവിൽ, ബി.എസ്.സി മൂന്നാം വർഷ വിദ്യാർത്ഥിയാണ് നിഹാലെന്ന് പൊലീസ് പറഞ്ഞു.

നേരത്തെ സമാനമായി, ബംഗളുരൂവിൽ നിന്നു നാട്ടിലെത്തിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച 20 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി നാലു യുവാക്കൾ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായിരുന്നു. അലനെല്ലൂർ കാപ്പ് കാഞ്ഞിരത്തിങ്ങൽ മുഹമ്മദ് മിസ്ഫിർ(21), തേലക്കാട് ഓട്ടക്കല്ലൻ മുഹമ്മദ് റിൻഷാൻ(22), അരക്കുപറമ്പ് പള്ളിക്കുന്ന് വിഷ്ണു(21), വേങ്ങൂർ മുഹമ്മദ് മുർഷിദ് (22) എന്നിവരെയാണ് പെരിന്തൽമണ്ണ സിഐ സി.അലവി, എസ്‌ഐ എ.എം യാസിർ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.

ബംഗളുരൂ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ഏജന്റുമാരിൽ നിന്നു ഓൺലൈൻ പണമിടപാട് വഴി ഇത്തരം സിന്തറ്റിക് മയക്കുമരുന്നുകൾ കാരിയർമാർ മുഖേന നാട്ടിലെത്തിച്ച് അരഗ്രാം മുതൽ പായ്ക്കറ്റുകളിലാക്കി വിൽപ്പന നടത്തുന്ന സംഘങ്ങളെക്കുറിച്ച് ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്.

പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാർ, സിഐ സി.അലവി എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിലാണ് പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസ് ജംഗ്ഷനു സമീപത്തു വച്ച് യുവാക്കൾ പിടിയിലായത്. ഡിവൈഎസ്‌പി എം.സന്തോഷ്‌കുമാർ, സിഐ സി.അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ എ.എം.യാസിർ, ജയേഷ്, ഹരിലാൽ, സോവിഷ്, ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.