- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നൽകി കബളിപ്പിച്ചു; കട്ടപ്പനയിലെ ട്രാവൽ ഏജൻസി തട്ടിയെടുത്തത് ഒന്നേകാൽ കോടി
കട്ടപ്പന: ഇറ്റലിയിൽ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നൽകി ഒന്നാകാൽ കോടിയോളം രൂപ കബളിപ്പിച്ച സംഭവത്തിൽ ട്രാവൽ ഏജൻസിക്കെതിരെ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം മണർകാട് സ്വദേശിനിയുടെ പരാതിയിൽ കട്ടപ്പനയിലെ സിയോൺ ട്രാവൽ ഏജൻസി ഉടമ നെല്ലിപ്പാറ കാരിക്കക്കുന്നേൽ റോബിൻ ജോസ് ( 33 )നെതിരെ പൊലീസ് കേസെടുത്തു.
ഇറ്റലിയിലേയ്ക്ക് പോയ സംഘത്തിലെ പത്ത് പേർ ദുബായ്, ഒമാൻ എന്നീ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ കുടുങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി സ്വദേശികളായ 23 പേരിൽ നിന്നാണ് ഇറ്റലിയിൽ വീട്ടുജോലി വാഗ്ദാനം ചെയ്ത് മാസങ്ങൾക്ക് മുൻപ് 6.5 മുതൽ 7 ലക്ഷം രൂപ വരെ ട്രാവൽ ഏജൻസി വാങ്ങിയത്. പണം നൽകിയവരിലേറെയും വീട്ടമ്മമാരാണ്.
ഏജൻസി ഉടമ റോബിൻ ജോസിന് നേരിട്ടും അക്കൗണ്ടിലൂടെയുമായി തട്ടിപ്പിനിരയായവർ1.26 കോടി രൂപ കൈമാറി.തുടർന്ന് ഉദ്യോഗാർത്ഥികൾക്ക് ഓഫർ ലെറ്ററും വിസയും അടക്കം കൈമാറി.ഇതിനിടെ പണം നൽകിയവരിൽ മൂന്ന് പേർ പിൻവാങ്ങുകയും ചെയ്തു.മെയ് അവസാനത്തോടെ ബാക്കി ഉദ്യോഗാർത്ഥികൾ ഇറ്റലിയിലേയ്ക്ക് പുറപ്പെട്ടെങ്കിലും ദുബായ്, ഒമാൻ എന്നീ വിമാനത്താവളങ്ങളിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്നുള്ള പരിശോധനയിലാണ് വിസ വ്യാജമാണെന്ന് കണ്ടെത്തിയത്.
2 ദിവസം വിമാനത്താവളങ്ങളിൽ കുടുങ്ങിയ ഇവരെ നാട്ടിലേയ്ക്ക് തിരിച്ചയച്ചു.പത്തോളം പേർ നാട്ടിലെത്തിയതായിട്ടാണ് സൂചന.എന്നാൽ മറ്റുള്ളവരെക്കുറിച്ച് വിവരമില്ല.തുടർന്ന് ട്രാവൽ ഏജൻസി ഉടമ റോബിനെ ബന്ധപ്പെട്ടെങ്കിലും ഇയാൾ ഒളിവിൽ പോകുകയായിരുന്നു.നിലവിൽ 3 പേരാണ് കട്ടപ്പന പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.ഉദ്യോഗാർത്ഥികൾ നൽകിയ പണം കൊല്ലം തൃക്കടവൂർ സ്വദേശി ആന്റണി ജോസഫ് ,ഭാര്യ ശൂരനാട് സ്വദേശിനി ജോസി ഹന്ന രാജു എന്നിവർക്ക് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.തട്ടിപ്പിൽ ഇവരുടെ പങ്ക് എന്താണെന്നടക്കം പൊലീസ് അന്വേഷിച്ച് വരികെയാണ്.
മറുനാടന് മലയാളി ലേഖകന്.