- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ രഹസ്യഅറയിൽ രണ്ടായിരത്തിന്റെ കെട്ടുകൾ; നിലമ്പൂരിൽ ലക്ഷങ്ങളുടെ കുഴൽപ്പണവുമായി മൂന്നുപേർ പിടിയിൽ
മലപ്പുറം: കാറിന്റെ രഹസ്യഅറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കുഴൽപ്പണവുമായി മൂന്നു പേർ നിലമ്പൂർ പൊലീസിന്റെ പിടിയിലായി. മഹാരാഷ്ട്ര സ്വദേശികളും കൊണ്ടോട്ടിയിൽ സ്ഥിരതാമസക്കാരുമായ രഞ്ജിത് ശങ്കർ(30), വിതാൽ (44), നിഖം മഹേഷ് അരവിന്ദ്, (30) എന്നിവരിൽ നിന്നാണ് മതിയായ രേഖകളില്ലാതെ മുപ്പത്തിയാറു ലക്ഷത്തി അമ്പതിനായിരം രൂപ പിടികൂടിയത്.
നിലമ്പൂർ പൊലീസും മലപ്പുറം പൊലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്നാണ് പണം പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നിലമ്പൂർ ഡിവൈഎസ്‌പി സാജു കെ. അബ്രഹാമിന്റെ നിർദ്ദേശ പ്രകാരം സിഐ സുനിൽ പുളിക്കലിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ പത്തിനു നിലമ്പൂർ പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
കാറിലെ രഹസ്യഅറയിൽ സൂക്ഷിച്ച നിലയിൽ 2000 രൂപയുടെ കെട്ടുകളായാണ് പണം കാണപ്പെട്ടത്. പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കും. ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും (ഇ.ഡി)ക്കും റിപ്പോർട്ട് നൽകും. അതേ സമയം രേഖകൾ ഇല്ലാതെ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 68 ലക്ഷം രൂപ അടുത്തിടെ വളാഞ്ചേരി പൊലിസും പിടികൂടിയിരുന്നു. വളാഞ്ചേരി പൊലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണവുമായി രണ്ടു പേർ പിടിയിലായത്.
സംഭവത്തിൽ ഊരകം ഒ.കെ മുറി സ്വദേശികളായ പൊതാപ്പറമ്പത്ത് യഹിയ ( 34), കുന്നത്ത് തൊടി മൻസൂർ (37) എന്നിവരെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണയിൽ നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ വളാഞ്ചേരി പൊലിസ് സ്റ്റേഷന് സമീപം വാഹന പരിശോധനക്കിടെയാണ് തുക പിടികൂടിയത്.
കാറിന്റെ അടിയിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ പണം ഒളിപ്പിച്ച നിലയിലായിരുന്നു. ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി.വൈ.എസ്‌പി ബിജുവിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി എസ്.എച്ച്.ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാറും പണവും പിടികൂടിയത്.സംഘത്തിൽ എഎസ്ഐ ബിജു ,അൻവർ, സിവിൽ പൊലീസ് ഓഫീസർമാരായ റഷീദ്, ശൈലേഷ്, ആൻസൻ തുടങ്ങിയവർ ഉണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്