- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നഗരത്തിൽ ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ; പിടിയിലായത് മലപ്പുറം മമ്പുറം സ്വദേശി ഷറഫുദ്ദീൻ; വിറ്റ വണ്ടി കണ്ടെത്തിയത് ആർസി മാറ്റാൻ ഒടിപിക്കായി യഥാർഥ ഉടമസ്ഥന് കോൾ വന്നതോടെ
കോഴിക്കോട്: നഗരത്തിൽ അരയിടത്തുപാലത്ത് സ്വകാര്യ ആശുപത്രിക്ക് സമീപം നിർത്തിയിട്ട ഫോർഡ് ഫിയസ്റ്റ കാർ മോഷ്ടിച്ച പ്രതിയെ ഡെപ്യൂട്ടി കമ്മീഷണർ കെ ഇ ബൈജുവിന്റെ കീഴിലുള്ള സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ഇൻസ്പെക്ടർ ബെന്നി ലാലുവിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളെജ് പൊലീസും ചേർന്ന് പിടികൂടി. മലപ്പുറം മമ്പുറം വികെ പടി വെള്ളക്കാട്ടിൽ ഷറഫുദ്ദീൻ (41) നെയാണ് വി കെ പടിയിലെ വീടിന്റെ പരിസരത്ത് നിന്നും പിടികൂടിയത്.
ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. നഗരത്തിലെ മാളിലേക്ക് ബന്ധുക്കളോടൊപ്പം എത്തിയതായിരുന്നു കാറുടമ. വണ്ട് പാർക്ക് ചെയ്തപ്പോൾ താക്കോൽ എടുക്കാൻ മറന്നു. പെട്ടന്ന് തന്നെ തിരികെയെത്തി നോക്കിയപ്പോൾ കാർ നിർത്തിയിട്ട സ്ഥലത്ത് ഉണ്ടായിരുന്നില്ല. സമീപത്തുള്ളവരോട് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചില്ല. തുടർന്ന് മെഡിക്കൽ കോളെജ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സിസി ടി വി ദൃശ്യങ്ങൾ ശേഖരിച്ചും മുമ്പ് ഇത്തരത്തിൽ വാഹനങ്ങൾ മോഷണം നടത്തിയവരെ രഹസ്യമായി നിരീക്ഷിച്ചുമായിരുന്നു മെഡിക്കൽ കോളെജ് അസി. കമ്മീഷണർ കെ സുദർശന്റെ നേതൃത്വത്തിലുള്ള അന്വേഷണം.
നഗരത്തിന്റെ നാൽപത് കിലോമീറ്ററിനുള്ളിലെ പെട്രോൾ പമ്പുകളിലേത് ഉൾപ്പെടെ നൂറിലധികം സിസി ടി വി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചു. എന്നാൽ അവ്യക്തമായ ദൃശ്യങ്ങളായിരുന്നു പൊലീസിന് ലഭിച്ചത്. ഇതിനിടയിലാണ് ആർ സി മാറ്റുന്നതിനിടെ ഒടിപിക്കായി യഥാർത്ഥ ഉടമസ്ഥനെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നും വിളിച്ചത്. വിവരമറിഞ്ഞ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സ്ഥാപന ഉടമയെ കാണുകയും ആർ സി മാറ്റാൻ വന്നവരെ സമീപിക്കുകയും ചെയ്തു. ഇവർ നാലു ദിവസം മുമ്പ് മറ്റൊരാളോട് വാഹനം വാങ്ങിയതാണെന്ന് വ്യക്തമായി. ഇവർക്കൊപ്പം ഷറഫുദ്ദീന്റെ വീടിനടത്തെത്തിയപ്പോൾ പ്രതി പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.
നേരത്തെ വിദേശത്ത് ജോലി ചെയ്തിരുന്ന ഷറഫുദ്ദീൻ നാട്ടിലെത്തി വണ്ടി കച്ചവടം ആരംഭിക്കുകയായിരുന്നു. എന്നാൽ ഇത് പരാജയപ്പെട്ടു. തുടർന്ന് ജോലി അന്വേഷിച്ച് കോഴിക്കോട്ടെത്തിയ ഇയാൾ മദ്യപിച്ച് കറങ്ങിനടക്കുന്നതിനിടെയാണ് വാഹനം മോഷ്ടിച്ച് കടന്നു കളഞ്ഞത്. സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് ഇൻസ്പെക്ടർ ഒ മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, സുമേഷ് ആറോളി, എ കെ അർജുൻ, രാകേഷ് ചൈതന്യം, മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പക്ടർമാരായ റസ്സൽ രാജ്, കെ പ്രദീപ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എസ് ശ്രീകാന്ത്, എസ് ശരത്, ഇ ടി ജിനു എന്നിവരായിരുന്നു അന്വേഷണം നടത്തിയിരുന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.