കോഴിക്കോട്: ടൗൺ പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. കാസർക്കോട് ഉപ്പള മുഹമ്മദീയ മൻസിലിൽ മുഹമ്മദ് മുസമ്മിൽ ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജനുവരി 19 നായിരുന്നു കേസിനാസ്പദമായ സംഭവം.

ടൗൺ പൊലീസ് സ്റ്റേഷനിലെ എസ് ഐ മുഹമ്മദ് സിയാദും സംഘവും പട്രോളിങ് ഡ്യൂട്ടിക്കിടെ 84 ഗ്രാം എംഡിഎംഎ, 18 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ സഹിതം അബ്ദുൾ നാസർ, ഷറഫുദ്ദീൻ, ഷബീർ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രതികൾക്ക് ഡൽഹിയിൽ വെച്ച് മയക്കുമരുന്ന് കൈമാറിയത് മുസമ്മിലിന്റെ നേതൃത്വത്തിലാണെന്ന് മനസ്സിലായത്.

പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയപ്പോൾ പ്രതി ബംഗളൂരു, പൂണെ, ഡൽഹി എന്നിവടങ്ങളിൽ ഒളിവിൽ പോവുകയായിരുന്നു. മുസമ്മിൽ മംഗലാപുരത്ത് വരുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടെയെത്തിയ ടൗൺ പൊലീസ് ഇവിടെവെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

മംഗലാപുരം, കാസർക്കോട് എന്നിവടങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് വ്യാപാരത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ മുസമ്മിലെന്ന് പൊലീസ് പറഞ്ഞു. മംഗലാപുരം കൊനാജെ പൊലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ സമാനമായ കേസുണ്ട്. ഈ കേസിൽ മൂന്ന് നൈജീരിയൻ പൗരന്മാരും കാസർക്കോട് സ്വദേശികളും ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിലായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ടൗൺ ഇൻസ്‌പെക്ടർ ബൈജു കെ ജോസിന്റെ നേതൃത്വത്തിൽ എ എസ് ഐ മുഹമ്മദ് സബീർ, സീനിയർ സിപിഒമാരായ സജേഷ് കുമാർ, ഉദയകുമാർ, സിപിഒമാരായ സുജിത്ത് സികെ, ഉല്ലാസ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.