മലപ്പുറം: അങ്ങാടിപ്പുറം പരിയാപുരത്തെ സിബി പുതുപ്പറമ്പലിന്റെ വീട്ടിൽ നിന്നും 72പവനും 20000 രൂപയും മോഷണം പോയത് ആഴ്ചകൾക്കു മുമ്പ്. തൊട്ടുപിന്നാലെ സിബിയുടെ വീടിന് മുന്നിലെ മഖാമിന്റെ നേർച്ചപ്പെട്ടി കുത്തി പൊളിച്ചും മോഷണം. ആഴ്ചകൾക്ക് മുമ്പ് 72 പവനും 20000 രൂപയും മോഷണം നടന്ന പരിയാപുരത്തെ സിബി പുതുപറമ്പലിന്റെ വീടിന്റെ മുന്നിലുള്ള മഖാമിലെ നേർച്ചപ്പെട്ടിയാണ് മോഷ്ടാക്കൾ കുത്തി തുറന്നത്.

സിബിയുടെ വീട്ടിൽ മോഷണം നടന്ന സമയത്ത് നേർച്ചപ്പെട്ടി തുറന്ന് കമ്മിറ്റി ഭാരവാഹികൾ പണം എടുത്തതിനാൽ വലിയ ഒരു സംഖ്യ നഷ്ടപ്പെടാൻ സാധ്യതയില്ലെന്നാണറിയുന്നത്. പൊലീസ് സ്ഥലത്തെത്തി അന്വഷണമാരംഭിച്ചു. അതേസമയം 72 പവൻ സ്വർണാഭണങ്ങളും പണവും നഷ്ടപ്പെട്ട കേസ് ഏങ്ങുമെത്തിയിട്ടില്ല.

അതിനിടയിൽ പ്രദേശത്തെ ഇപ്പോഴത്തെ മോഷണത്തിൽ ആളുകൾ ആശങ്കയിലാണ്. അങ്ങാടിപ്പുറം പഞ്ചായത്തിൽ ഏതാനും മാസങ്ങളായി മോഷണം പതിവായിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഇടപെടൽ കാര്യമായി ഇല്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. രാത്രികാല പട്രോളിങ് വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അങ്ങാടിപ്പും മുതുവറ ക്ഷേത്രത്തിന് സമീപത്തെ വീടുകളിൽ അടുത്തകാലത്ത് മോഷണം ശ്രമം നടന്നിരുന്നു. നിരീക്ഷണ കാമറ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചെങ്കിലും അന്വേഷണത്തിനു പുരോഗതിയില്ലെന്നാണ് പരാതി.