മലപ്പുറം: കാറിൽ രഹസ്യ അറയിൽ ഒളിപ്പിച്ച ഒന്നേമുക്കാൽ കോടി രൂപയുടെ കുഴൽപ്പണവുമായി തിരൂരിൽ ഒരാൾ പിടിയിൽ. ഒരുകോടി 78 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി തിരൂരിനടുത്ത ചെമ്രവട്ടം പാലത്തിനരികെ വച്ചാണു തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി കൊടക്കാട്ട് അഷറഫാണ് അറസ്റ്റിലായത്.

കെ.എൽ.55 എ.എ 0873 നമ്പർ കാറിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് കുഴൽപണം കണ്ടെടുത്തത്. തിരൂർ ഡി.വൈഎസ്‌പി: കെ.എം.ബിജു, എസ്‌ഐ മാരായ പ്രദീപ്കുമാർ,വിപിൻ,തുടങ്ങിയവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തെ വിവരത്തെ തുടർന്ന് ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റ നിർദേശപ്രകാരം ഇന്നു രാവിലെ 9.30 ഓടെ നടത്തിയ പരിശോധനയിലാണ് കുഴൽപണം പിടികൂടിയത്.

അതേ സമയം കഴിഞ്ഞ ജൂൺ 23നു മലപ്പുറം പൂക്കൂട്ടൂർ അങ്ങാടിയിൽ വെച്ച് കുഴൽപ്പണ വിതരണക്കാരനായ മൊറയൂർ സ്വദേശിയെ കാറുകൊണ്ട് വാഹനം ഇടിപ്പിച്ച് വാൾ വീശിയും കുരുമുളക് സ്പ്രേ മുഖത്തേക്ക് അടിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പത്ത് ലക്ഷത്തോളം രൂപയുടെ കുഴൽ പണം കവർന്ന കേസിൽ നാല് പേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തിലുള്ള കുഴപ്പണക്കാരെ കുറിച്ചു ഇവരോടടുത്ത വൃത്തങ്ങൾ തന്നെ പൊലീസിനു ഒറ്റുന്നതായാണു സൂചനകൾ.

ഈ കേസിൽ സ്നാച്ചിങ്, കുഴൽപ്പണ കവർച്ച, വധശ്രമം തുടങ്ങിയ ഇരുപതോളം കേസുകളിൽ പ്രതിയായ തൃശ്ശൂർ കൊടകര സ്വദേശി പന്തപ്ളാവിൽ രാജേന്ദ്രൻ മകൻ ജാക്കി ബിനു (41), തൃശൂർ പുത്തൻചിറ സ്വദേശി ഓലക്കോട്ട് വീട്ടിൽ പിണ്ടാണി ഷരീഫ്(46), ലഹരികടത്ത് , കളവ്, കവർച്ച തുടങ്ങി നിരവധി കേസിൽ പ്രതിയായ പാലക്കാട് ചെറുപ്പുളശ്ശേരി പട്ടിശേരി സ്വദേശി മുഹമ്മദ് മുനീർ (23) എന്നിവരെ മഞ്ചേരി പൊലീസും ഈ കേസിലെ മുഖ്യ പ്രതിയും സ്വർണ്ണ കവർച്ച ,കുഴൽപ്പണ കവർച്ച,ലഹരി കടത്ത് തുടങ്ങിയ നിരവധി കേസിലെ പ്രതിയും ക്വട്ടേഷൻ സംഘ നേതാവുമായ ചെറുപ്പുളശ്ശേരി മാരായമംഗലം സ്വദേശി ചരൽ ഫൈസലിനെ ചെറുപ്പുളശ്ശേരി പൊലീസുമാണ് അറസ്റ്റ് ചെയ്തത്.

നേരത്തെ ഈ കേസിൽ പത്തനംതിട്ട അടൂർ സ്വദേശികളായ പരുത്തിപ്പാറ, വയല സ്വദേശി കല്ലുവിളയിൽ വീട്ടിൽ സുജിത്ത് (20)വടെക്കെടത്തുകാവ്, നിരന്നകായലിൽ വീട്ടിൽ രൂപൻ രാജ് (23), വടക്കെടത്തുകാവ്, മുല്ലവേലിപടിഞ്ഞാറ്റേതിൽ വീട്ടിൽ സൂരജ് (23), അടൂർ പന്നിവിഴ വൈശാഖം വീട്ടിൽ സലിൻ ഷാജി (22) എന്നിവരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.