- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രിയിൽ ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം; രണ്ടുപേർ പെരിന്തൽമണ്ണയിൽ അറസ്റ്റിൽ; പ്രതികൾ വിവിധ ഇടങ്ങളിൽ നിന്നായി കവർന്നത് 100പവനോളം സ്വർണാഭരണങ്ങളും പണവും
മലപ്പുറം: രാത്രിയിൽ ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന രണ്ടുപേർ പെരിന്തൽമണ്ണയിൽ അറസ്റ്റിൽ. പ്രതികൾ വിവിധ ഇടങ്ങളിൽ നിന്നായി കവർന്നത് 100 പവനോളം സ്വർണാഭരണങ്ങളും പണവും. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലും മുതുകുർശ്ശി എളാടും രാത്രിയിൽ ആളില്ലാത്ത വീടിന്റെ വാതിൽ പൊളിച്ച് 90 പവനോളം തൂക്കംവരുന്ന സ്വർണാഭരണങ്ങളും പണവും കവർച്ച ചെയ്തുകൊണ്ടുപോയ കേസിലാണു മൂവ്വാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശി പാണ്ടിയാരപ്പള്ളി നൗഫൽ(37), മോഷണമുതൽ വിൽപ്പന നടത്താനും പ്രതിക്ക് താമസസ്ഥലം ഒരുക്കിക്കൊടുക്കുകയും ചെയ്ത പട്ടാമ്പി മഞ്ഞളുങ്ങൽ സ്വദേശി പൂവ്വത്തിങ്ങൽ ബഷിർ(43) എന്നിവരെ മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ്, പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ സിഐ. പ്രേംജിത്ത്, എസ്ഐ. ഷിജോ.സി.തങ്കച്ചൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ജൂൺ 11 നാണ് അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിൽ പുതുപറമ്പിൽ സിബിജോസഫിന്റെ വീട്ടിൽ വീട്ടുകാർ പുറത്ത് പോയ സമയത്ത് രാത്രിയിൽ, പിറക് വശത്തെ വാതിൽ തകർത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും പണവും വിലപിടിപ്പുള്ള വാച്ചുകളും മോഷണം പോയതായി പരാതി ലഭിക്കുന്നത്. മാസങ്ങൾക്ക് മുൻപ് മുതുകുർശ്ശി എളാടും സമാനരീതിയിൽ മോഷണം നടത്തി സ്വർണാഭരണങ്ങളും പണവും മോഷണം പോയിരുന്നു. തുടർന്ന് മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, എന്നിവിടങ്ങളിൽ ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും, മുൻ കുറ്റവാളികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിക്കുകയും ചെയ്തു.
പക്ഷേ നാടുമായോ വീടുമായോ ഒരു തരത്തിലും ബന്ധപ്പെടാത്ത പ്രതിയെ കുറിച്ച് അന്വേഷണം നടത്തിയതിൽ തുമ്പൊന്നും ലഭിച്ചില്ല. തുടർന്ന് കേരളത്തിനകത്തും പുറത്ത് മലപ്പുറം എസ്പി.സുജിത്ത് ദാസ് ഐപിഎസിന്റെ സഹായത്തോടെയും അന്വേഷിച്ചതിൽ ചെന്നൈ, കോയമ്പത്തൂർ റെയിൽവേസ്റ്റേഷനുകളിലും ട്രെയിനിലും മറ്റും ചിലർ പ്രതിയെ കണ്ടതായി വിവരം ലഭിച്ചു. ഉത്തരേന്ത്യയിലേക്കുള്ള ലോറികളിൽ മുൻപ് ഡ്രൈവറായി ജോലിചെയ്തിരുന്ന പ്രതിക്ക് ഹിന്ദി, ബംഗ്ള, തമിഴ് തുടങ്ങി അഞ്ചോളം ഭാഷകൾ അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നുള്ള വിവരവും അന്വേഷണസംഘത്തിന് ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വെസ്റ്റ് ബംഗാളിൽ നിന്ന് ട്രെയിൻ മാർഗ്ഗം കേരളത്തിലെത്തി ചില പ്രത്യേക ദിവസങ്ങളാണ് മോഷണത്തിനായി തിരഞ്ഞെടുക്കുന്നതെന്ന് മനസിലാക്കിയ അന്വേഷണസംഘം സിഐ. പ്രേംജിത്ത്, എസ്ഐ. ഷിജോ.സി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ സംഘങ്ങളായി തിരിഞ്ഞ് ഒരുമാസത്തോളം ഉത്തരേന്ത്യൻ ട്രയിനുകളിൽ മഫ്ടിയിൽ രഹസ്യ നിരീക്ഷണം നടത്തി വരികയും പ്രതി കേരളത്തിലേക്ക് പുറപ്പെട്ടതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഷൊർണ്ണൂർ, ഒറ്റപ്പാലം, പട്ടാമ്പി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷിച്ചതിൽ പട്ടാമ്പി ടൗണിൽ പ്രതിയെത്തിയതായി വിവരം ലഭിക്കുകയും ടൗണിലും പരിസരങ്ങളിലും നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം രാത്രിയിൽ പട്ടാമ്പി ടൗൺ ഭാഗത്ത് വച്ച് പ്രതിയെ പിടികൂടുകയും ചെയ്തു.
പ്രതിയെ ഡിവൈഎസ്പി എം.സന്തോഷ്കുമാർ, സിഐ. പ്രേംജിത്ത്, എസ്ഐ.ഷിജോ.സി.തങ്കച്ചൻ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തതിൽ മലപ്പുറം, പാലക്കാട് ജില്ലകളിൽ ആൾത്താമസമില്ലാത്ത ഇരുപത്തഞ്ചോളം വീടുകളിൽ നടന്ന മോഷണങ്ങൾക്ക് തുമ്പുണ്ടാക്കാനായതായും കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഡിവൈഎസ്പി എം.സന്തോഷ്കുമാർ അറിയിച്ചു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്